Thursday, March 20, 2014

അവിടത്തെപ്പോലെ ഇവിടെയുമുണ്ട് ചില ‘വിശുദ്ധ നരക’ങ്ങള്‍

മുസ്‌ലിം നാമധാരിയും എന്നാല്‍ മതനിഷേധിയുമായ കേരളത്തിലെ അറിയപ്പെടുന്ന ഒരു മന്ത്രിപുംഗവന്‍ ഈയിടെ മാതാ അമൃതാനന്ദമയിയുടെ മഠത്തില്‍ നടന്ന ഒരു ചടങ്ങില്‍ വെച്ച് അമൃതാനന്ദമയിയെ വാനോളം പുകഴ്ത്തിക്കൊണ്ട് നടത്തിയ ഒരു പ്രസംഗം കേള്‍ക്കാനിടയായി. ഏതെല്ലാം വാക്കുകളുപയോഗിച്ചാണ് അമൃതാനന്ദമയിയെ പുകഴ്‌ത്തേണ്ടത് എന്നറിയാതെ മതിമറന്ന് മദമിളകിയ മന്ത്രിപുംഗവന്‍ കേവലമൊരു മനുഷ്യസ്ത്രീയെക്കുറിച്ച് പറഞ്ഞുകൂട്ടിയത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ലജ്ജ തോന്നി. സാസ്‌കാരിക കേരളം എന്നാണ് നാം പൊതുവെ നമ്മുടെ നാടിനെപ്പറ്റി പ്രയോഗിക്കാറുള്ളത്. ഇവിടെ സംസ്‌കാരം നഷ്ടപ്പെട്ടത് രാജ്യം ഭരിക്കുന്ന തമ്പുരാക്കന്‍മാര്‍ക്കാണോ എന്ന് അവരുടെ ചില വാക്കും പ്രവര്‍ത്തിയും കാണുമ്പോള്‍ തോന്നാറുണ്ട്. ‘ഗോഡ്‌സ് ഓണ്‍ കണ്‍ട്രി’ എന്നാണ് എല്ലാവരും കേരളത്തെക്കുറിച്ച് പ്രയോഗിക്കാറുള്ളത്. പക്ഷെ വന്നുവന്ന് ‘ഗോഡ്മാന്‍സ് ഓണ്‍ കണ്‍ട്രി’ എന്ന് ഇന്ത്യാരാജ്യത്തെക്കുറിച്ചും പ്രയോഗിക്കാമെന്ന രീതിയിലേക്ക് ആള്‍ദൈവങ്ങളുടെ അതിപ്രസരം മാറിയിരിക്കുന്നു. പ്രസ്തുത മന്ത്രിയുടെ വാക്കുകളിലേക്ക് തന്നെ വരാം. കിട്ടുന്ന വേദികളിലെല്ലാം പോയി അതിന്റെ സംഘാടകരെയും ആ പ്രസ്ഥാനത്തെയും പൊക്കിപ്പറയുക എന്നത് ഒരു രാഷ്ട്രീയക്കാരന് വേണ്ടുന്ന മിനിമം യോഗ്യതയാണ്. ‘അപ്പോള്‍ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുക’ എന്നാണ് ഈ സ്വഭാവത്തിന് പൊതുവെ പറയാറുള്ളത്. ചിലപ്പോഴെല്ലാം മന്ത്രിമാരുടെ സെക്രട്ടറിമാര്‍ പ്രസംഗത്തിന്റെ സ്റ്റേജും സാഹചര്യവുമനുസരിച്ച് പ്രസംഗം എഴുതിക്കൊടുക്കാറാണ് പതിവ്. സാഹചര്യവും സന്ദര്‍ഭവും മനസ്സിലാകാത്ത രാഷ്ട്രീയക്കാര്‍ അതപ്പടി നോക്കി വായിക്കുകയും ചെയ്യും. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍ വെച്ച് ഒരു മന്ത്രി പ്രസംഗിച്ച കോമഡി എവിടെയോ വായിച്ചതോര്‍ക്കുന്നു. സെക്രട്ടറി എഴുതിക്കൊടുത്ത പ്രസംഗം മന്ത്രി വായിച്ചതിങ്ങനെ: ”മൃഗങ്ങളെപ്പറ്റി പറയുകയാണെങ്കില്‍ നമ്മുടെ തൃശൂരില്‍ ഒരു ഇരുനൂറുണ്ട്. തിരുവനന്തപുരത്ത് ഒരു ഇരുനൂറുണ്ട്. അങ്ങ് മൈസൂരിലുമുണ്ട് ഒരു ഇരുനൂറ്…” ബഹുമാനപ്പെട്ട മന്ത്രി എന്താണ് ഈ പറയുന്നത് എന്ന് മനസ്സിലാകാതെ ശ്രോതാക്കളാകെ അന്തം വിട്ട് താടിക്ക് കൈയും കൊടുത്തിരുന്നു. പിന്നീടാണ് മനസ്സിലായത്, സെക്രട്ടറി ഇംഗ്ലീഷില്‍ ‘്വീീ’ എന്ന് എഴുതിക്കൊടുത്തത് മന്ത്രി വായിച്ചത് ‘ഇരുന്നൂറ്’ എന്നാണ്. ഇതുപോലെയാണ് പല മന്ത്രിമാരുടെയും പ്രസംഗത്തിന്റെ അവസ്ഥ. എന്നാല്‍, ഇതുപോലെയൊന്നുമല്ല മുകളില്‍ സൂചിപ്പിച്ച മന്ത്രിമഹാന്റെ പ്രസംഗം. ആത്മാര്‍ത്ഥമായിത്തന്നെയാണ് മന്ത്രി അമൃതാനന്ദമയിയെക്കുറിച്ച് പൊക്കിയടിച്ച് പ്രസംഗിക്കുന്നത് എന്ന് ആ പ്രസംഗം കേള്‍ക്കുന്ന ആര്‍ക്കും മനസ്സിലാകും. ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തന്നെ തിന്നണം എന്ന് പറയാറുണ്ടല്ലോ. ആ സ്വഭാവം രാഷ്ട്രീയക്കാര്‍ യഥേഷ്ടം കാണിച്ചുകൊള്ളട്ടെ. എങ്കിലും ദൈവത്തേക്കാള്‍ വലുതാണ് ആള്‍ദൈവം എന്ന മട്ടില്‍ സംസാരിക്കാന്‍ പാടില്ലല്ലോ. ദൈവത്തില്‍ വിശ്വാസമില്ലാത്തവര്‍ക്ക് പിന്നെന്ത് ആള്‍ദൈവം? ”ഈ ലോകത്ത് ആരാധിക്കാന്‍ അര്‍ഹതയുള്ള ഏതെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് അമ്മ മാത്രമാണ്, അമ്മക്ക് മരണമില്ല….” എന്നെല്ലാമാണ് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നീട്ടിയും വലിച്ചും കുറുകിയും മുക്കിയും മൂളിയും പ്രസ്തുത മന്ത്രി പ്രസംഗിച്ചു കൂട്ടിയത്. ഇതേ മന്ത്രി തന്നെ ശ്രീമാന്‍ കാന്തപുരം അബൂബക്ര്‍ മുസ്‌ല്യാരെ അതിരുവിട്ട് പൊക്കിപ്പറയുന്ന ഒരു ക്ലിപ്പ് കാന്തപുരത്തിന്റെ ഭക്തന്‍മാര്‍ സ്റ്റേജുകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഇതേ മന്ത്രി, തരം കിട്ടുമ്പോഴും അല്ലാത്തപ്പോഴുമെല്ലാം സമുദായപ്പാര്‍ട്ടിയെയും അവരുടെ ആത്മീയ നേതാക്കളെയുമെല്ലാം കുത്തി നോവിക്കാനും മൂക്കില്‍ തോണ്ടാനും ബഹുമിടുക്കനുമാണ്. അത് അവര്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമായിരിക്കാം. എന്റെ വിഷയമതല്ല. ഒരു മുജാഹിദ് പ്രവര്‍ത്തകന്‍ ഇടപെടേണ്ട വിഷയവുമല്ല അത്. മാതാ അമൃതാനന്ദമയിയെക്കുറിച്ചും കാന്തപുരത്തെക്കുറിച്ചും പ്രസ്തുത മന്ത്രി നടത്തിയ അതിശയോക്തിയുള്ള പ്രയോഗങ്ങള്‍ മനസ്സില്‍ വെച്ചുകൊണ്ട് തന്നെ ഈ ലേഖനത്തിലേക്ക് കടക്കട്ടെ.
പൊതുവെ പക്ഷപാതം പിടിച്ച മനസ്സിനുടമകളാണ് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍. സെക്കന്റുകളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ സെന്‍സേഷന്‍ ന്യൂസായും എക്‌സ്‌ക്ലൂസീവ് ന്യൂസായും ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ മത്സരിക്കുന്ന മുഖ്യധാരയിലുള്ള ദൃശ്യമാധ്യമങ്ങളും ഇതില്‍ നിന്നും ഒഴിവല്ല. ഈയൊരു അപചയം മീഡിയകള്‍ക്ക് മാത്രം സംഭവിച്ച ഒരു രോഗമൊന്നുമല്ല. നമ്മുടെ കേരളത്തിലെ സാഹിത്യകാരന്‍മാരും ബുദ്ധിജീവികളും സാംസ്‌കാരിക നായകരും കവികളും വരെ ഇതില്‍ നിന്നൊഴിവല്ല. എന്തിനധികം, റോഡിന്റെ വീതി കൂട്ടാന്‍ നാല് മരങ്ങള്‍ വെട്ടിവീഴ്ത്തുമ്പോഴേക്കും പരിസ്ഥിതിയുടെ നൊമ്പരം പറഞ്ഞ് പേനയില്‍ മഷിത്തുള്ളികള്‍ക്ക് പകരം കണ്ണുനീര് നിറച്ച് അത് കടലാസിലേക്ക് വാക്കുകളായും കവിതകളായും കോറിയിടുന്ന ചില കവയത്രികള്‍ പോലും ഇതില്‍ നിന്നൊഴിവല്ല. കേരളത്തില്‍ ചില വിവാദങ്ങള്‍ നടക്കുമ്പോള്‍ ഇക്കൂട്ടരെല്ലാം തിക്കിത്തിരക്കി ചാനലുകളുടെ പടിവാതിലില്‍ അട്ടിപ്പേറ് കിടക്കും. മറ്റു ചില വിവാദങ്ങള്‍ നടക്കുമ്പോഴാകട്ടെ, ഇവര്‍ ഈ നാട്ടിലെങ്ങുമില്ലേ എന്ന് തോന്നിപ്പോകും വിധം വിവാദങ്ങളില്‍ നിന്നും ഇവര്‍ ഒഴിഞ്ഞു നില്‍ക്കും. അറബ്‌നാട്ടിലുള്ള ഏതോ ഒരു മനുഷ്യന്‍ കേരളത്തില്‍ വന്ന് മുസ്‌ലിം സമുദായത്തിലെ നിരാലംബയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ശേഷം പല കാരണങ്ങളാല്‍ ആ ബന്ധം തകരുകയും ചെയ്തപ്പോള്‍ ഏതാനും ദിവസങ്ങളോ മാസങ്ങളോ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സാംസ്‌കാരിക ബുദ്ധിജീവികള്‍ക്കും കൊയ്ത്തുകാലമായിരുന്നു. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ വീട്ടില്‍ ചൊറിയും കുത്തി ഇരുന്നിരുന്ന പല സാംസ്‌കാരിക ബുദ്ധിജീവികളും കവയത്രിമാരും മൂട്ടിലെ പൊടി തട്ടിയെണീറ്റ് പിന്നീടങ്ങോട്ട് ദിവസങ്ങളോളം കേരളത്തിലെ വിവിധ ചാനലുകളുടെ ഓഫീസിലായിരുന്നു പൊറുതിയും തീറ്റയും കുടിയും. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികളുടെ ദുരവസ്ഥയില്‍ മനം നൊന്ത് പലരും ചാനലുകളിലിരുന്ന് മൂക്ക് പിഴിഞ്ഞും മാറത്തടിച്ചും തേങ്ങിക്കരഞ്ഞു. മുസ്‌ലിം സമുദായത്തില്‍ പെണ്ണായിപ്പിറന്നവരെല്ലാം അടിച്ചമര്‍ത്തപ്പെട്ടവരും ആലംബഹീനരുമാണെന്ന മട്ടില്‍ ചാനലുകളില്‍ ചര്‍ച്ചയങ്ങനെ കൊഴുത്തു. ചാനല്‍ അവതാരകരാകട്ടെ, ചെരിഞ്ഞിരുന്നും കൈയിലെ പേന കാതിലും മൂക്കിലും തിരുകിക്കയറ്റിയും ഇടക്കെല്ലാം ചര്‍ച്ചയില്‍ ഇടപെട്ടും ചര്‍ച്ചക്ക് എരിവും പുളിയും കൂട്ടി. മറ്റു സമുദായങ്ങളിലെല്ലാം വിവാഹം നടക്കുന്നത് മാതൃകാപരമായാണെന്നും ദാമ്പത്യം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് മഹത്തരമായ മാര്‍ഗത്തിലൂടെയാണെന്നുമുള്ള മട്ടിലായിരുന്നു ഈ സമുദായത്തിലെ പെണ്‍കൊടിമാര്‍ക്ക് വേണ്ടി പലരും തേങ്ങിയതും അലമുറയിട്ടതും. മുസ്‌ലിം സമുദായത്തിലെ മങ്കമാരുടെ ദുരവസ്ഥയോര്‍ത്ത് പലര്‍ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ചൂടേറിയ ചര്‍ച്ചക്ക് കാരണങ്ങളുണ്ടായിരുന്നു. എന്തെന്നാല്‍, അറബിക്കല്യാണത്തിലെ വാദിയും പ്രതിയും മുസ്‌ലിമായിരുന്നു. എന്നാല്‍, ക്രൂശിക്കപ്പെടുന്നത് മുസ്‌ലിമും ക്രൂശിക്കുന്നവന്‍ മറ്റു സമുദായത്തിലെ അംഗവുമാകുമ്പോള്‍ ഈ കപടസദാചാരക്കാരെ അത്തരം വിവാദങ്ങളുടെ ഏഴയലത്ത് കാണാറില്ല. അതുപോലെത്തന്നെ പ്രതി ഉന്നതസ്ഥാനീയനും ഒരു അമുസ്‌ലിമുമാകുമ്പോഴും ഇത്തരക്കാര്‍ വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ മാതാ അമൃതാനന്ദമയിയുമായും അവരുടെ ആശ്രമവുമായും ബന്ധപ്പെട്ട് ആളിക്കത്തിക്കൊണ്ടിരിക്കുന്ന വിവാദത്തിന്റെ പരിസര പ്രദേശത്തൊന്നും പല ബുദ്ധിജീവികളെയും സാംസ്‌കാരിക നായകരെയും കവയത്രികളെയും കാണാത്തതും. ഈ തീയുടെ അരികിലൂടെ പോയാല്‍ തങ്ങളുടെ രോമത്തിനെന്തെങ്കിലും കേട് പറ്റുമോ എന്ന ഭയമാണ് പലരെയും പിടികൂടിയിരിക്കുന്നത്. ഭൂരിപക്ഷവും സമ്പത്തും സംഘടിത ശക്തിയും വിലയിരുത്തിയാണ് പലപ്പോഴും സമൂഹത്തിനിടയില്‍ ന്യായവും അന്യായവുമെല്ലാം തീരുമാനിക്കപ്പെടാറുള്ളത്. മാതാ അമൃതാനന്ദമയി എന്നത് ഇന്നൊരു കേവല നാമം മാത്രമല്ല. മറിച്ച്, രാജ്യത്തിനകത്തും പുറത്തും പടര്‍ന്ന് പന്തലിച്ച ഒരു വടവൃക്ഷമാണത്. അതിന്റെ ശിഖരങ്ങളില്‍ കൂടുകൂട്ടിയവരും ആ തണലില്‍ ആശ്രയം കണ്ടെത്തുന്നവരും അനവധിയുണ്ട് രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹ്യ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരില്‍. നൂറുക്കണക്കിന് കോടികളുടെ ആസ്തിയുണ്ട് ഇന്ന് ആ പ്രസ്ഥാനത്തിന്. അതൊരു സംഘടിത ശക്തി കൂടിയാണ്. അതുകൊണ്ട് തന്നെയായിരിക്കാം, ഇരുപത് വര്‍ഷക്കാലം അമൃതാനന്ദമയിയുടെ നിഴലായും ആശ്രമത്തിന്റെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്ന ആസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാതിരുന്നത്.
ആള്‍ദൈവങ്ങളും ഭരണരംഗത്തുള്ള അവരുടെ സ്വാധീനവും
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനാധിപത്യ ഭരണകൂടങ്ങളില്‍ 1980 കളുടെ ശേഷമാണെന്നു തോന്നുന്നു ആള്‍ദൈവങ്ങളുടെ നീരാളിക്കൈകള്‍ പിടി മുറുക്കുന്നത്. അതിനു ശേഷം ഇന്ത്യയില്‍ വന്ന ചില ഭരണകൂടങ്ങളില്‍ പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തിയിരുന്നത് പോലും ചില ആള്‍ദൈവങ്ങളായിരുന്നുവെന്നത് പല കോണുകളില്‍ നിന്നും ആരോപണമുയര്‍ന്നിരുന്നു. ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ചവരില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും വിവാദങ്ങള്‍ക്കുടമയാവുകയും ചെയ്ത പ്രധാനമന്ത്രിയായിരുന്നു പി വി നരസിംഹറാവു. ഇന്ത്യാരാജ്യത്ത് ഏറ്റവുമധികം ന്യൂനപക്ഷ ധ്വംസനം നടന്നതും ഇദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നുവെന്നാണ് വിലയിരുത്തല്‍. നാലര നൂറ്റാണ്ട് പ്രായമുള്ള ബാബരി മസ്ജിദ് തച്ചുടക്കപ്പെട്ടത് പി വി നരസിംഹറാവുവിന്റെ നിസ്സംഗതയുടെയും മൗനാനുവാദത്തിന്റെയും ബലത്തിലാണ് എന്നത് ഏറെ ചര്‍ച്ചയായ വിഷയമാണ്. ഇതേ നരസിംഹറാവുവിന്റെ ഭരണകൂടത്തില്‍ ചന്ദ്രസ്വാമി എന്ന ആള്‍ദൈവത്തിനുണ്ടായിരുന്ന സ്വാധീനം പിന്നീട് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
ഭാരതീയ ദര്‍ശനത്തില്‍ ‘സന്യാസം’ എന്നത് പവിത്രമായ ഒരു കര്‍മമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ‘സന്യാസം’ എന്ന വാക്കിന് മലയാള നിഘണ്ടുവില്‍ ‘ലോകവ്യാപാരങ്ങള്‍ ഉപേക്ഷിക്കുക, സകലതും ത്യജിച്ചുള്ള ഇരിപ്പ്, ബ്രഹ്മദ്ധ്യാനം, നിക്ഷേപിക്കുക’ എന്നൊക്കെയാണ് അര്‍ത്ഥം. ഇതില്‍ ആദ്യം പറഞ്ഞ മൂന്ന് അര്‍ത്ഥവും അതുള്‍ക്കൊള്ളുന്ന ആശയവുമാണ് സന്യാസം കൊണ്ട് ഭാരതത്തിലെ ഋഷിവര്യന്‍മാര്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ആധുനികകാലത്തെ സന്യാസിമാര്‍ ആ പദത്തിന് നാലാമത്തെ അര്‍ത്ഥമാണ് കല്‍പ്പിച്ചിട്ടുള്ളത്. അഥവാ, ആധുനിക കാലത്തെ സന്യാസി എന്നാല്‍ അധികാരവും പ്രതാപവും വെട്ടിപ്പിടിക്കുകയും അതിന്റെ മറവിലുണ്ടാക്കുന്ന കോടികളുടെ സമ്പത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസുകളിലോ സ്വിസ്ബാങ്കിലോ നിക്ഷേപിക്കുക എന്ന രീതിയിലേക്ക് ആ കര്‍മത്തെ മാറ്റിയിരിക്കുന്നു. സര്‍വ്വ സുഖങ്ങളും സാമൂഹ്യബന്ധങ്ങളുമെല്ലാം പരിത്യജിച്ച് ദൈവത്തിലേക്കടുക്കുവാനുള്ള ഏകാന്തവാസമായാണ് പണ്ട് സന്യാസം കൊണ്ട് ഉദ്ദേശിച്ചിരുന്നത്. സര്‍വസുഖങ്ങളും രാജഭരണവും അകമ്പടിയും അധികാരവും എല്ലാം ഉപേക്ഷിച്ച് ആത്മീയതയില്‍ മാത്രം അഭയം തേടുകയും ശാന്തിമന്ത്രങ്ങള്‍ മാത്രം ഉരുവിടുകയും ചെയ്ത് ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍ ഈശ്വര ധ്യാനത്തില്‍ മുഴുകിയിരുന്നപ്പോഴാണ് സിദ്ധാര്‍ത്ഥ ഗൗതമന്‍ എന്ന രാജകുമാരന്‍ ശ്രീബുദ്ധന്‍ എന്ന സന്യാസിയായി രൂപാന്തരപ്പെട്ടത്. അതേ ശ്രീബുദ്ധന്‍ പിന്നീട് ഭഗവാനായി അവരോധിക്കപ്പെടുകയും അദ്ദേഹത്തിന്റെ പേരില്‍ ഒരു മതം തന്നെ പൊട്ടിമുളക്കുകയും ചെയ്തു എന്നത് ചരിത്രത്തിലെ മറ്റൊരു വൈരുദ്ധ്യം. നമ്മുടെ സമൂഹത്തിനിടയില്‍ സന്യാസി എന്ന വാക്കിന്റെ നിര്‍വ്വചനം പോലും അട്ടിമറിക്കപ്പെട്ടത് എപ്പോഴായിരുന്നു എന്നത് പരിശോധിക്കേണ്ടതാണ്. സന്യാസിയും രാഷ്ട്രീയക്കാരനും തമ്മില്‍ ഇഴപിരിയാത്ത ഒരു ബന്ധം ഇന്ത്യാരാജ്യത്ത് എപ്പോഴാണ് രൂപപ്പെട്ടത്? രാഷ്ട്രീയക്കാരന്‍ തന്റെ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സന്യാസിയെ ഉപയോഗിക്കുകയായിരുന്നോ അതോ സന്യാസി രാഷ്ട്രീയക്കാരനെ ഉപയോഗിക്കുകയായിരുന്നോ എന്നത് അറിയില്ല. ഇന്ന് സന്യാസി എന്നാല്‍ അതിനര്‍ത്ഥം, എ സി കാറുകളില്‍ യാത്ര ചെയ്യുന്ന, ഏ സി റൂമുകളില്‍ അന്തിയുറങ്ങുന്ന, എന്തിനുമേതിനും ആജ്ഞാനുവര്‍ത്തികളുള്ള ചില കാവിധാരികള്‍ മാത്രമാണ്. സന്യാസത്തെ അതിന്റേതായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുന്നവരില്ല എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. പക്ഷെ, സന്യാസിയെന്നാല്‍ സര്‍വ്വസംഘ പിന്തുണയുള്ള, സര്‍വ്വാഭരണ വിഭൂഷിതനായ, സര്‍വ്വകാര്യങ്ങളിലും ഇടപെടുന്ന ഒരു മഹാ പ്രസ്ഥാനമായി മാറുകയോ ചിലരെങ്കിലും മാറ്റുകയോ ചെയ്തിട്ടുണ്ട് എന്നത് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. ആത്മീയത എന്നത് മനുഷ്യന്റെ ആത്യന്തിക മോക്ഷത്തിനുപയോഗിക്കേണ്ടതിന് പകരം ഏറ്റവും വലിയ വിപണനച്ചരക്കായി മാറിയ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരു മതത്തിന്റെ അനുയായികളും ഈ ചൂഷണത്തില്‍ നിന്നും ചൂഷകരില്‍ നിന്നും മുക്തരല്ല. പലപ്പോഴും മതത്തിന്റെ മറവില്‍ നടക്കുന്ന ദര്‍ഗാകേന്ദ്രങ്ങളും ധ്യാനകേന്ദ്രങ്ങളും മഠങ്ങളും ആശ്രമങ്ങളുമെല്ലാം അതിന്റെ ഉള്ളറകളിലേക്ക് പൊതുജനങ്ങള്‍ക്ക് എത്തിനോക്കാന്‍ കഴിയാത്ത വിധം നിഗൂഢതകള്‍ നിറഞ്ഞതാണ്. ആള്‍ദൈവങ്ങളുടെയും ബീവിമാരുടെയും ജാറത്തിലെ ‘പുണ്യാത്മാവിന്റെ’യും ശാപകോപങ്ങളും കുരുത്തക്കേടുകളും കാട്ടി സാധാരണക്കാരെ നിറുത്തേണ്ടിടത്ത് നിറുത്താന്‍ ഇത്തരം കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്ക് കഴിയാറുണ്ട്. ഇത്തരം കേന്ദ്രങ്ങളുടെ മറവില്‍ കോടാനുകോടികളുടെ സാമ്പത്തിക ക്രയവിക്രയങ്ങളാണ് നടക്കുന്നത്. അതിനുപുറമെ പുറംലോകമറിയാത്ത അക്രമങ്ങളും ലൈംഗിക പീഢനങ്ങളുമെല്ലാം ഇവിടങ്ങളില്‍ നിസ്സങ്കോചം നടമാടുന്നു. മുസ്‌ലിം നാമധാരികള്‍ നടത്തുന്ന ആത്മീയ കേന്ദ്രങ്ങളായ ഏര്‍വാടി, അജ്മീര്‍ തുടങ്ങിയ കേന്ദ്രങ്ങളെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുക. ഇത്തരം കേന്ദ്രങ്ങളില്‍ ലഭിക്കാത്തതായി ഒരു തിന്‍മയുമില്ല. കള്ള് വേണോ? മയക്കുമരുന്ന് വേണോ? പെണ്ണ് വേണോ? സ്വവര്‍ഗരതിക്കുള്ള മാര്‍ഗ്ഗങ്ങള്‍ വേണോ? എല്ലാം ഇത്തരം കേന്ദ്രങ്ങളില്‍ റെഡിയാണ്. മാനസികരോഗമുണ്ട് എന്നതിന്റെ പേരില്‍ ചില കുടുംബങ്ങള്‍ക്ക് ബാധ്യതയായി മാറിയ ചില യുവതികളെ ഏര്‍വാടി പോലുള്ള കേന്ദ്രങ്ങളില്‍ കൊണ്ടുപോയി തള്ളി വിടുമ്പോള്‍ പിന്നീട് ആ യുവതികളെ ചിലര്‍ വേശ്യാവൃത്തിക്ക് പോലും ഉപയോഗിക്കുന്നുണ്ട്. ഇതെല്ലാം തുറന്ന് പറയാനോ എതിര്‍ക്കാനോ ഇവിടെ ആളുകളില്ല എന്നതാണ് മറ്റൊരു ദുരന്തം. ഏതായാലും, ഈയൊരു പശ്ചാതലത്തില്‍ നിന്നുകൊണ്ട് വേണം കപട ആത്മീയ കേന്ദ്രങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ നടത്താന്‍. നമുക്ക് ഇപ്പോഴുണ്ടായ വിവാദത്തിലേക്ക് തന്നെ വരാം.
‘വിശുദ്ധ നരക’ത്തിലെ അവിശുദ്ധ ബന്ധങ്ങള്‍
1979 മുതല്‍ 1999 വരെയുള്ള ഇരുപത് വര്‍ഷക്കാലം അമൃതാനന്ദമയിയുടെയും അവരുടെ ആശ്രമത്തിന്റെയും ഭാഗമായി ജീവിച്ച ആസ്‌ട്രേലിയക്കാരിയായ ഗെയ്ല്‍ ട്രെഡ്‌വെല്‍ എഴുതിയ ‘ഹോളിഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്റ് പ്യൂര്‍ മാഡ്‌നെസ്’ (വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധ ഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്) എന്ന പുസ്തകമാണിപ്പോള്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പക്ഷെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇതൊരു ചൂടേറിയ ചര്‍ച്ചയായി മാറിയിട്ടും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളൊന്നും ഈ വിവാദം അറിഞ്ഞിട്ടേയില്ല. ‘അറിഞ്ഞിട്ടേയില്ല’ എന്ന് പറഞ്ഞാല്‍ അത് കളവാകും. ‘കണ്ണടച്ച് ഇരുട്ടാക്കുന്നു’ എന്നു പറയുന്നതായിരിക്കും ശരി. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ‘അജ്ഞത’ ചിലരെ പിടികൂടിയിരിക്കുന്നത്? ഈ ചോദ്യത്തിന് പല മറുപടികളുമുണ്ട്. ഒന്നാമത്തെ മറുപടി, ഇതില്‍ ആരോപണ വിധേയയായ വ്യക്തി ഒരു മുസ്‌ലിമല്ല എന്നതുതന്നെയാണ്. രണ്ടാമത്തെ മറുപടി, ആള്‍ദൈവങ്ങളുടെ നേര്‍ക്ക് ഒന്ന് തുറിച്ച് നോക്കാന്‍ പോലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഭയമാണ് എന്നതാണ്. പക്ഷെ, ആര് കണ്ണ് തുറന്നില്ലെങ്കിലും ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ വെളിപ്പെടുത്തലുകള്‍ നിസ്സാരമായി കാണേണ്ടതോ തള്ളിക്കളയേണ്ടതോ അല്ല. ഗുരുതരമായ പ്രശ്‌നങ്ങളാണ് ഗെയ്ല്‍ ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുള്ളത്. ഗെയിലിന്റെ വെളുപ്പെടുത്തലുകളെ ഇങ്ങനെ സംഗ്രഹിക്കാം.
1) മാതാ അമൃതാനന്ദമയി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ കാണിക്കുന്ന മുഖമല്ല ആശ്രമത്തിനുള്ളില്‍ കാണിക്കുന്നത്.
2) അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യനായ അമൃത സ്വരൂപാനന്ദപുരി തന്നെ പല തവണ ബലാല്‍സംഗം ചെയ്തിട്ടുണ്ട്.
3) അമൃതാനന്ദമയിയും അമൃതസ്വരൂപാനന്ദപുരിയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ട്.
4) അമൃതാനന്ദമയി തന്നെ പലപ്പോഴും ചവിട്ടുകയും മുടി ചുരുട്ടിപ്പിടിക്കുകയും മറ്റു ശാരീരികോപദ്രവങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.
5) അതിനേക്കാള്‍ ക്രൂരമായിരുന്നു മാനസിക പീഢനം.
6) അമൃതാനന്ദമയിക്ക് സ്വിസ് ബാങ്കില്‍ 700 കോടിയുടെ സമ്പാദ്യമുണ്ട്.
രണ്ട് പതിറ്റാണ്ട് കാലം അമൃതാനന്ദമയിയുടെ ശിഷ്യയായും പേഴ്‌സനല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഗെയ്‌ലിന്റെ വെളിപ്പെടുത്തലുകള്‍ മുഴുവന്‍ പതിരാവാന്‍ ഏതായാലും സാധ്യതയില്ല. അമൃതാനന്ദമയിയുടെ ആശ്രമം സംശയങ്ങളുടെ നിഴലില്‍ നിര്‍ത്തപ്പെടുന്നത് ഇതാദ്യമൊന്നുമല്ല. പക്ഷെ, എല്ലാ ആരോപണങ്ങളും പണം കൊണ്ട് മൂടപ്പെടുന്നു എന്നതാണ് വാസ്തവം. രണ്ട് വര്‍ഷം മുമ്പാണ് തക്ബീര്‍ മുഴക്കിക്കൊണ്ട് ആശ്രമത്തില്‍ പ്രവേശിച്ച സത്‌നാംസിങ്ങ് എന്ന മാനസികരോഗി ക്രൂരമായ മര്‍ദ്ദനം മൂലം കൊല്ലപ്പെട്ടത്. അതിനു മുമ്പും അമൃതാനന്ദമയിക്കും ആശ്രമത്തിനുമെതിരില്‍ സംശയങ്ങളുടെയും ആരോപണങ്ങളുടെയും കുന്തമുന പലവട്ടം നീണ്ടിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മഠത്തില്‍പറമ്പില്‍ നാരായണന്‍കുട്ടിയുടെ മരണത്തിലും ആശ്രമത്തിലെ ധുരംധര്‍ എന്ന അന്തേവാസിയുടെ മരണത്തിലും മഠത്തിന്റെ മുകളില്‍ നിന്ന് വീണ് മരണപ്പെട്ട രാമനാഥ അയ്യരുടെ മരണത്തിലും മറ്റു പലരുടെ മരണങ്ങളിലും മഠത്തിലെ ചിലര്‍ക്ക് പങ്കുണ്ട് എന്ന് ആരോപിക്കപ്പെട്ടിരുന്നു.
1953 സെപ്തംബര്‍ 27നാണ് കൊല്ലം ജില്ലയിലെ തീരപ്രദേശമായ പറയക്കടവിലെ മുക്കുവരായ സുഗുണാനന്ദന്‍-ദമയന്തി ദമ്പതികളുടെ മകളായി സുധാമണി എന്ന അമൃതാനന്ദമയി ജനിക്കുന്നത്. സുധാമണി എന്ന സാധാരണ മുക്കുവ സന്തതിയില്‍ നിന്നും ‘അമ്മ’ എന്ന മഹാ പ്രസ്ഥാനമായി മാറിയ അമൃതാനന്ദമയിയുടെ കുട്ടിക്കാലം ദാരിദ്ര്യവും പീഢനവും നിറഞ്ഞതായിരുന്നു എന്ന് പറയപ്പെടുന്നു. ഇന്ന് എഴുന്നൂറ് കോടിയുടെ ആസ്തി അമ്മക്ക് സ്വിസ് ബാങ്കിലുണ്ട് എന്ന് ഗെയ്ല്‍ വെളിപ്പെടുത്തുന്നു. അത് സത്യമോ കളവോ ആകട്ടെ. പക്ഷെ ആശ്രമത്തിന്റെ ആസ്തി നൂറുക്കണക്കിന് കോടികളാണ് എന്നത് വസ്തുതയാണ്. എവിടെ നിന്ന് കിട്ടി ഈ പണം എന്നത് അന്വേഷിക്കേണ്ടതല്ലേ? അമൃതാനന്ദമയിയുടെ കൈയില്‍ അലാവുദ്ദീന്റെ അത്ഭുതവിളക്കുണ്ടോ?
ഇന്ന്, മാതൃവാത്സല്യത്തിന്റെ മൂര്‍ത്തീഭാവമായി അവതരിപ്പിക്കപ്പെടുന്ന അമൃതാനന്ദമയിക്ക് യഥാര്‍ത്ഥത്തില്‍ ആ വിളിപ്പേരിന് അര്‍ഹതയുണ്ടോ? ജൈവപ്രകൃതിയനുസരിച്ച് ഒരിക്കലെങ്കിലും പ്രസവിച്ചാലേ അമ്മ എന്ന സ്ഥാനത്തിനുടമയാകൂ. പൊതുജനത്തിന്റെയറിവില്‍ അങ്ങനെയൊരു സംഭവം അമൃതാനന്ദമയിക്കുണ്ടായിട്ടില്ല. അപ്പോള്‍ ‘അമ്മ’ എന്ന വിളി ആ അര്‍ത്ഥത്തിലല്ല എന്നുറപ്പ്. പിന്നെയോ? ഈ ഭൂമിയിലുള്ള സകല മനുഷ്യരെയും ഒരു മാതാവിന്റെ വാത്സല്യത്തോടെയും കാരുണ്യത്തോടെയും നോക്കിക്കാണുന്നു എന്ന അര്‍ത്ഥത്തിലാണോ ആ വിളി? അങ്ങനെയാണെങ്കില്‍ അതിനും അമൃതാനന്ദമയി അര്‍ഹയല്ല. ഏത് മതത്തിലും ജാതിയിലും പെട്ട ആളായാലും മനുഷ്യജീവന്‍ വളരെ വിലപ്പെട്ടതാണ്. ഒരാള്‍ അന്യായമായി ഒരു മനുഷ്യനെ കൊന്നാല്‍ അവന്‍ ഈ ഭൂമിയിലുള്ള സകല മനുഷ്യരെയും കൊന്ന കൊലയാളിയെപ്പോലെയാണ് എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. മുസ്‌ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മതമുള്ളവനായാലും ഇല്ലാത്തവനായാലും മനുഷ്യജീവന്‍ മഹത്തരമാണ്. മാതാ അമൃതാനന്ദമയിയും അവരുടെ പ്രധാന ശിഷ്യനായ അമൃത സ്വരൂപാനന്ദപുരിയും ആ ആശ്രമത്തില്‍ വെച്ച് നടത്തുന്ന ഭക്തിപ്രഭാഷണങ്ങളില്‍ ചിലതെല്ലാം അമൃത ചാനലിലൂടെ ഈയുള്ളവനും ശ്രദ്ധിച്ചിട്ടുണ്ട്. സംസാരത്തില്‍ മാതൃസ്‌നേഹം നിറഞ്ഞു കവിയുന്ന അമൃതാനന്ദമയി, അഞ്ചു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ മുതല്‍ നൂറു വയസുള്ള പടുകിളവനെ വരെ കെട്ടിപ്പിടിച്ച് ‘കുഞ്ഞേ’ എന്ന് വിളിച്ച് മുത്തം കൊടുക്കാറുള്ള അമൃതാനന്ദമയി, രാഷ്ട്രപിതാവിന്റെ ജന്‍മഭൂമിയായ അങ്ങ് ഗുജ്‌റാത്തില്‍ ചില നരോഭോജികള്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ കൊത്തിനുറുക്കുമ്പോള്‍ ‘അരുത് മക്കളേ’ എന്ന് പറഞ്ഞിട്ടില്ല. പൂര്‍ണ ഗര്‍ഭിണിയായ അമ്മയുടെ ഉദരം തുരന്നെടുത്ത് ആ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും കൈകാലിട്ടടിക്കുന്ന ചോരക്കുഞ്ഞിനെ പുറത്തെടുത്ത് തൃശൂലത്തില്‍ കോര്‍ത്തെടുത്ത് അതിനു ചുറ്റും മനുഷ്യക്കോലം ധരിച്ച ചില കാട്ടാളന്‍മാര്‍ ആനന്ദനൃത്തം ചവിട്ടിയപ്പോള്‍ ‘മാ നിഷാദാ’ എന്ന് പറഞ്ഞിട്ടില്ല ‘കാരുണ്യമൂര്‍ത്തി’യായ അമ്മ. ബ്രിട്ടനിലും അമേരിക്കയിലും ഇറ്റലിയിലും ആസ്‌ട്രേലിയയിലും ജര്‍മ്മനിയിലും ടൂറടിച്ച് കണ്ണില്‍ കാണുന്നവരെയെല്ലാം ‘മക്കളേ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിക്കുന്ന അമ്മ കലാപകാലത്ത് രാഷ്ട്രപിതാവിന്റെ മണ്ണിലേക്കൊന്ന് പോയി ‘അരുത് മക്കളേ’ എന്ന് പറഞ്ഞ് ഒരുത്തന്റെയും കൈ പിടിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അമൃതാനന്ദമയി എന്ന അമ്മയുടെ വാക്കിന് വില കല്‍പ്പിക്കുന്ന ചിലരെങ്കിലുമുണ്ടാവും എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങ് ഗുജ്‌റാത്തിന്റെ മണ്ണില്‍, പിഞ്ചുകുഞ്ഞിന്റെ വായിലൂടെ പെട്രോള്‍ ഒഴിച്ച് ആ വായ്ക്കുള്ളിലേക്ക് തീപ്പെട്ടിയുരസിയിട്ട് ആ പിഞ്ചുകുഞ്ഞ് ഒരു അമിട്ട് പോലെ പൊട്ടിത്തെറിക്കുമ്പോള്‍, അത് കണ്ട് ചില മനുഷ്യപ്പിശാചുക്കള്‍ മദം പൊട്ടിയലറുമ്പോള്‍ ഇങ്ങ് വള്ളിക്കാവിലെ ആശ്രമത്തിലിരുന്ന് ഭക്തര്‍ക്ക് മാതൃസ്‌നേഹത്തിന്റെ പൊലിമയെക്കുറിച്ച് ഘോരഘോരം പ്രഭാഷണം നടത്തുകയായിരുന്നു ലോകജനകോടികളുടെ മാതൃഭാജനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സുധാമണി എന്ന മാതാ അമൃതാനന്ദമയി. എന്നിട്ടോ? ഈ അതിക്രമങ്ങള്‍ക്കെല്ലാം മൗനാനുവാദം കൊടുക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്തു എന്ന് ആക്ഷേപിക്കപ്പെടുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി തന്റെ സന്നിധിയിലെത്തിയപ്പോള്‍ രണ്ട് കൈയും അയാളുടെ നെറുകയില്‍ വെച്ച് ആശീര്‍വാദത്തിന്റെയും അനുഗ്രഹത്തിന്റെയും പൂച്ചെണ്ടുകള്‍ വാരി വിതറുകയും ചെയ്തു ‘മാതൃസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ’ അമ്മ!? അമൃതാനന്ദമയിയുടെ ജീവചരിത്രത്തില്‍ അവരുടെ അപ്പൂപ്പനെക്കുറിച്ച് വിവരിക്കുന്ന ഒരു ഭാഗം ഇങ്ങനെയാണ്: ”ദാനധര്‍മ്മങ്ങളുടെയും ശക്തമായ ഈശ്വര വിശ്വാസത്തിന്റെയും ലക്ഷണങ്ങള്‍ അമ്മയുടെ അപ്പൂപ്പനായ വേലായുധനില്‍ പ്രകടമായിരുന്നു. സഹാനുഭൂതിയുള്ള, ഒരു തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്ന വേലായുധന്‍ അഹിംസാവാദിയായിരുന്നു. ഒരു എലിയെപ്പോലും കൊല്ലുവാന്‍ അദ്ദേഹം അനുവദിക്കുകയില്ലായിരുന്നു.” (പേജ്. 15) ശരി, ഇങ്ങനെത്തന്നെയായിരിക്കണം ജീവസ്‌നേഹിയായ ഒരു മനുഷ്യന്‍. എന്നിട്ടും, ഈ അപ്പൂപ്പന്റെ കൊച്ചുമകള്‍ക്ക് എങ്ങനെ കഴിഞ്ഞു, ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കാന്‍ കൂട്ടു നിന്ന ഒരു ഭരണാധികാരിയെ ആശീര്‍വദിക്കാന്‍? പ്രബുദ്ധകേരളമേ പറയൂ? ഇതാണോ ലോകരുടെ അമ്മ? ഇതാണോ ആ അമ്മയുടെ മാതൃസ്‌നേഹം? ഇതാണോ കാരുണ്യമൂര്‍ത്തി? ഇതാണോ പ്രപഞ്ച നന്‍മക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഒരു ‘അവതാര’ത്തിന്റെ കടമ? ഈ സ്ത്രീയെയാണോ ബഹുമാനപ്പെട്ട മന്ത്രിപുംഗവന്‍ ‘കാരുണ്യമൂര്‍ത്തി’ എന്ന് വിശേഷിപ്പിച്ചത്? ആര്‍ക്കാര്‍ക്കും ഉത്തരം പറയാന്‍ കഴിയാത്ത ചോദ്യങ്ങളാണിതൊക്കെ. ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോഴാണല്ലോ പ്രീണനവും പീഢനവും ഉന്‍മൂലനവുമൊക്കെ പൊതുവെ ഉണ്ടാകാറുള്ളത്.
ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് കേള്‍ക്കാന്‍ സുഖമുള്ള ഒരു വാക്കാണ്. പക്ഷെ, പലപ്പോഴും ഇസ്‌ലാമിനെതിരിലോ മുസ്‌ലിം ആചാരങ്ങള്‍ക്കെതിരിലോ മുസ്‌ലിംകളുടെ പ്രവാചകനെതിരിലോ ആരെങ്കിലും വിമര്‍ശനങ്ങളോ പരിഹാസങ്ങളോ ആയി രംഗത്ത് വരുമ്പോള്‍ മാത്രം കേള്‍ക്കുന്ന ഒരു പദമാണ് ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത്. ഇസ്‌ലാമിനെതിരിലും മഹാനായ പ്രവാചകനെതിരിലും കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും നടത്തിയതിന്റെ പേരില്‍ മാത്രം കുപ്രസിദ്ധിയാര്‍ജിച്ച സല്‍മാന്‍ റുഷ്ദി, തസ്‌ലീമാ നസ്‌റീന്‍ എന്നിവര്‍ക്കെതിരില്‍ ലോകവ്യാപകമായി പ്രതിഷേധമുയര്‍ന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പടച്ചട്ടയണിയിച്ചാണ് ലോകമാധ്യമങ്ങള്‍ അവരെ സംരക്ഷിച്ച് നിര്‍ത്തിയത്. എന്നാല്‍ വിഖ്യാത ചിത്രകാരനായ എം എഫ് ഹുസൈന് ഈ ഭാരതത്തിന്റെ മണ്ണില്‍ ആ ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്തു. എം എഫ് ഹുസൈനെ നാടുകടത്താന്‍ മുന്‍പന്തിയില്‍ നിന്നവര്‍ തന്നെയായിരുന്നു, തൊടുപുഴയില്‍ മുഹമ്മദ് നബിയെ തെറിപറഞ്ഞ് പ്രവചാകനിന്ദ നടത്തിയ അധ്യാപകന് വേണ്ടിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ രക്ഷാകവചവുമായി രംഗത്ത് വന്നത്. ഇപ്പോഴിതാ, അമൃതാനന്ദമയിക്കെതിരിലും അവരുടെ ആശ്രമത്തിനെതിരിലും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കാല്‍നൂറ്റാണ്ട് കാലത്തോളം ആശ്രമത്തിന്റെ ഭാഗമായി ജീവിച്ചിരുന്ന പ്രധാന ശിഷ്യ പുസ്തകമെഴുതിയപ്പോള്‍ അത് നെറ്റിലൂടെയും ഫേസ്ബുക്കിലൂടെയും ഷെയര്‍ ചെയ്തവര്‍ക്കെതിരില്‍ നിയമനടപടികളുമായി അമൃതാനന്ദമയീ മഠവും നിയമപാലകരും മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു?! എന്നാല്‍, അന്താരാഷ്ട്ര വേരുകളുള്ള അമൃതാനന്ദമയീ മഠം ഗെയ്ല്‍ ട്രെഡ്‌വെല്ലിനെതിരില്‍ ഈ ലേഖനമെഴുതും വരെ നിയമനടപടികള്‍ക്കൊരുങ്ങിയിട്ടുമില്ല. ഇവിടെയെന്തേ ‘ആവിഷ്‌കാര സ്വാതന്ത്ര്യം’ എന്ന പദം ആരും ഉപയോഗിക്കുന്നില്ല? അത് ഒരു പ്രത്യേക മതത്തെ മാത്രം വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും രക്ഷാകവചമായി ഉപയോഗിക്കാന്‍ വേണ്ടി കണ്ടെത്തിയ പദമാണോ? ഇപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യുന്നവര്‍ക്കും അമൃതാനന്ദമയിയെ വിമര്‍ശിക്കുന്നവര്‍ക്കുമെതിരെ ചില വികാരജീവികളെ ഇളക്കി വിടാനും ഹൈന്ദവ ഫാഷിസ്റ്റ് വര്‍ഗീയവാദികളെ വെച്ച് തിണ്ണബലം കൊണ്ട് നേരിടാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഗീതാപ്രഭാഷകനായ സ്വാമി സന്ദീപാനന്ദഗിരി അമൃതാനന്ദമയീ മഠത്തെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ പല പ്രഭാഷണങ്ങളും സംഘ്പരിവാര്‍ ശക്തികള്‍ തടഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം അമൃതാനന്ദമയീ മഠത്തിന്റെ അറിവോടെയാണ് എന്നാണ് സന്ദീപാനന്ദഗിരിയുടെ ആരോപണം. മുമ്പും അമൃതാനന്ദമയീ മഠം അക്രമത്തിന്റെ പാത സ്വീകരിച്ചതിന് ഉദാഹരണങ്ങളുണ്ട്. എറണാകുളം അമൃത ഹോസ്പിറ്റലില്‍ ന്യായമായ ശമ്പളം കിട്ടാത്ത കാരണത്താല്‍ മുമ്പ് സമരം ചെയ്ത നഴ്‌സുമാരെ അമൃതാനന്ദമയിയുടെ ആളുകള്‍ നേരിട്ടത് എങ്ങനെയായിരുന്നുവെന്നത് അടുത്തിടെ നാം കണ്ടതാണ്.
വിമര്‍ശകര്‍ക്ക് നേരിടേണ്ടി വന്നത്?
ഇതാദ്യമൊന്നുമല്ല അമൃതാനന്ദമയിയും അവരുടെ മഠവും വിമര്‍ശനങ്ങള്‍ക്ക് പാത്രമാകുന്നത്. ഇടതുപക്ഷ ചിന്തകനായ കെ ഇ എന്‍ കുഞ്ഞഹമ്മദ് തന്നെ ഒന്നിലധികം പ്രാവശ്യം അമൃതാനന്ദമയിയെക്കുറിച്ചും അവരുടെ ആശ്രമത്തെക്കുറിച്ചും വിമര്‍ശനാത്മകമായി പുസ്തകമെഴുതിയിട്ടുണ്ട്. അതിന് ശേഷം യുക്തിവാദിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീനി പട്ടത്താനം അമൃതാനന്ദമയിക്കെതിരില്‍ ഒരു പുസ്തകമെഴുതിയിരുന്നു. എന്നാല്‍, ശ്രീനി പട്ടത്താനം 2002 ല്‍ എഴുതിയ ‘മാതാ അമൃതാനന്ദമയി-ദിവ്യകഥകളും യാഥാര്‍ത്ഥ്യവും’ എന്ന പുസ്തകം വലിയ ചര്‍ച്ചയാവുകയും ശ്രീനി പട്ടത്താനത്തെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യവുമായി അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സമീപിക്കുകയും ചെയ്തു. ശ്രീനി പട്ടത്താനത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യം ലഭിച്ചില്ല. എ കെ ആന്റണി കേരളം ഭരിക്കുമ്പോഴാണ് 2004 ല്‍ ശ്രീനി പട്ടത്താനത്തെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കുന്നത്. അതിന് മുമ്പ് എ കെ ആന്റണി വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തിയതും അവരെ കെട്ടിപ്പിടിച്ചതും കേരളീയ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. എ കെ ആന്റണിയുടെ ഈ നടപടിയെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എം എല്‍ എ ആയിരുന്ന ടി കെ ഹംസ നിയമസഭയില്‍ വെച്ച് ഹാസ്യാത്മമായി ചിത്രീകരിച്ചത് ”മമ്മൂട്ടി സില്‍ക് സ്മിതയെ കെട്ടിപ്പിടിച്ചത് പോലെ” എന്നായിരുന്നു. ടി കെ ഹംസയുടെ ആ പരാമര്‍ശവും ഏറെ കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍, അമൃതാനന്ദമയിയെ വിമര്‍ശിച്ച് കൊണ്ട് മൂന്ന് പുസ്തകങ്ങളെഴുതിയ കെ ഇ എന്‍ കുഞ്ഞഹമ്മദിന് ഇത്തരം പീഢനങ്ങള്‍ നേരിടേണ്ടി വന്നിരുന്നില്ല. അതിന്റെ പ്രധാന കാരണം, കെ ഇ എന്‍ അമൃതാനന്ദമയിയെ വിമര്‍ശിച്ചെഴുതിയത് 1990കളുടെ മുമ്പായിരുന്നു എന്നതാണ്. അക്കാലഘട്ടത്തില്‍ അമൃതാനന്ദമയിയും അവരുടെ ആശ്രമവും പ്രവര്‍ത്തനങ്ങളും ഇത്ര തന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടില്ല. 2000 ത്തിന് ശേഷമായപ്പോഴേക്കും ആര്‍ക്കും തൊടാന്‍ പറ്റാത്ത ഒരു വടവൃക്ഷമായി അമൃതാനന്ദമയിയും അവരുടെ ആശ്രമവും മാറിയിരുന്നു. അതുകൊണ്ടാണ്ട് ശ്രീനി പട്ടത്താനത്തിന് പ്രോസിക്യൂഷന്‍ നേരിടേണ്ടി വന്നത്. ഇന്നിപ്പോള്‍ അമൃതാനന്ദമയിയുടെ നാമം നോബല്‍ സമ്മാനത്തിന് പരിഗണിക്കാന്‍ മാത്രം വ്യാപിച്ചിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഗൈയ്ല്‍ ട്രെഡ്‌വെല്ലിന്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകള്‍. മാത്രവുമല്ല, മുമ്പ് അമൃതാനന്ദമയിക്കെതിരില്‍ വിമര്‍ശനവുമായി രംഗത്തെത്തിയവരില്‍ പലരും നിരീശ്വരവാദികളോ യുക്തിവാദികളോ ആയിരുന്നു. ദൈവത്തെപ്പോലും ചോദ്യം ചെയ്യുന്നവര്‍ ആള്‍ദൈവത്തെ വിമര്‍ശിക്കുമ്പോള്‍ അതില്‍ സത്യമെത്രയുണ്ടെങ്കിലും അതംഗീകരിക്കാന്‍ മാത്രം പൊതുജനമനസ്സ് പാകപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അത്തരക്കാരുടെ വിമര്‍ശനങ്ങള്‍ പലപ്പോഴും പൊതുജനങ്ങളില്‍ സ്വാധീനിക്കപ്പെടാറുമില്ല. എന്നാല്‍, ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ‘വിശുദ്ധ നരകം…’ എന്ന പുസ്തകമെഴുതിയത് രണ്ട് പതിറ്റാണ്ട് കാലം അമൃതാനന്ദമയിയുടെ നിഴല്‍ പറ്റി ജീവിച്ച ഒരു സ്ത്രീയാണ് എന്നതാണ് ഈ വിമര്‍ശനങ്ങളെ വേറിട്ട് നിര്‍ത്തുന്നത്.
ഈ വിവാദങ്ങളെ മറ്റൊരു മാനത്തിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ അമൃതാനന്ദമയിയും അവരുടെ മഠവും ശ്രമിക്കുന്നത്. ”ആരൊക്കെയോ എന്തൊക്കെയോ പറയുകയും ചെയ്യുകയും ചെയ്ത് മതവികാരം ഇളക്കി വിടാന്‍ ശ്രമിക്കുന്നു” എന്നാണ് ഇതിനെക്കുറിച്ച് അമൃതാനന്ദമയിയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഗെയ്ല്‍ ട്രെഡ്‌വെല്‍ ഒരു മതത്തെയോ അതിന്റെ വിശ്വാസത്തെയോ ആക്ഷേപിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശം പോലും തന്റെ പുസ്തകത്തില്‍ നടത്തിയിട്ടില്ല എന്നതാണ് സത്യം. മാതാ അമൃതാനന്ദമയി ഒരിക്കലും ഒരു മതസ്ഥാപകയോ അതിന്റെ പ്രചാരകയോ അല്ല. പിന്നെങ്ങനെയാണ് അമൃതാനന്ദമയിക്കെതിരിലും അവരുടെ മഠത്തിനെതിരിലുമുള്ള ആരോപണങ്ങള്‍ ഒരു മതത്തിനെതിരെയുള്ള ആരോപണങ്ങളായി ചിത്രീകരിക്കുക? കേരളത്തില്‍ കൊടുമ്പിരി കൊണ്ട അറബിക്കല്യാണ ചര്‍ച്ചയും മറ്റും മതവികാരമിളക്കി വിടാനുള്ള ഗൂഢശ്രമമാണ് എന്ന് മുസ്‌ലിംകളാരും ആരോപിച്ചിട്ടില്ലല്ലോ.
മഠത്തിനെതിരില്‍ ലൈംഗിക ആരോപണം മാത്രമല്ല ഗെയ്ല്‍ നടത്തിയിട്ടുള്ളത്. ഗുരുതരമായ സാമ്പത്തിക പ്രശ്‌നവും ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട്. 700 കോടിയുടെ സ്വകാര്യനിക്ഷേപം സ്വിസ് ബാങ്കില്‍ അമൃതാനന്ദമയീ മഠത്തിനുണ്ടെന്നാണ് ആ ആരോപണം. 1999ല്‍ മഠം വിട്ട് സ്വരാജ്യത്തേക്ക് പോയ ഗെയ്ല്‍ അക്കാലയളവിലുള്ള കണക്കായിരിക്കണം ഈ വെളിപ്പെടുത്തിയിരിക്കുന്നത്. അതിന് ശേഷം ഇക്കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ അമൃതാനന്ദമയിയും മഠവും ഏറെ വളര്‍ന്നിട്ടുണ്ട്. ഗെയ്‌ലിന്റെ ഈ ആരോപണം ശരിയാണോ അല്ലേ എന്ന് നമുക്കറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥകള്‍ അനുശാസിക്കുന്ന സാമ്പത്തിക അച്ചടക്കത്തിന്റെ മതില്‍കെട്ടിന് പുറത്താണ് പല മതസംഘടനകളുടെയും ആത്മീയ കേന്ദ്രങ്ങളുടെയും സാമ്പത്തിക ക്രയവിക്രയങ്ങള്‍. ആത്മീയാചാര്യന്‍ എന്നാല്‍ രത്തന്‍ ടാറ്റയുടേയോ ലക്ഷ്മി മിത്തലിന്റെയോ മുകേഷ് അംബാനിയുടേയോ ആദിത്യ ബിര്‍ളയുടേയോ ഒപ്പം നില്‍ക്കാന്‍ പറ്റുന്ന സാമ്പത്തിക ഭദ്രതയുള്ളവന്‍ എന്ന അവസ്ഥയിലേക്ക് ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലെ ചില ആത്മീയ കേന്ദ്രങ്ങളും അവരുടെ ആചാര്യന്‍മാരും മാറിയിരിക്കുന്നു. അതിന് പറ്റിയ വളക്കൂറുള്ളതായി ഭാരതമണ്ണ് പാകപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍.
ഇന്ത്യയിലെ ഒരു പ്രധാന ആള്‍ദൈവമായിരുന്ന പുട്ടപര്‍ത്തിയിലെ സത്യസായിബാബ മരണപ്പെട്ടതിന്റെ പിറ്റേന്നു മുതല്‍ ഇവിടെയുണ്ടായ ഒരു പ്രധാന ചര്‍ച്ച, സായ്ബാബയുടെ പിന്‍ഗാമി ആര് എന്നതായിരുന്നു. അറിവ് കൊണ്ടും ആത്മീയത കൊണ്ടും അതിനൊത്ത കര്‍മങ്ങള്‍ കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കുന്നവനായിരിക്കണം ഒരു ആത്മീയചാര്യന്റെ പിന്‍ഗാമി. എന്നാല്‍ പുട്ടപര്‍ത്തിയിലുണ്ടായ തര്‍ക്കത്തിന്റെ മര്‍മം അതായിരുന്നില്ല. ബാബയുടെ ആശ്രമത്തിന്റെ ആസ്തിയായ ആയിരക്കണക്കിന് കോടികളിലായിരുന്നു ബാബയുടെ പിന്‍ഗാമികളുടെ കണ്ണും അതിന്റെ പേരിലായിരുന്നു അവിടെയുണ്ടായ വഴക്കും വക്കാണവും.
ഏതായാലും, ഗെയ്‌ലിന്റെ ഈ വെളുപ്പെടുത്തലുകള്‍ ഗൗരവതരമാണ് എന്നെങ്കിലും പറയാനുള്ള നട്ടെല്ല് കാണിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ മാത്രമാണ്. മുമ്പ് കാന്തപുരത്തിന്റെ കള്ളമുടിയുടെ കാര്യത്തിലും പിണറായി വിജയന്‍ ഈ ആര്‍ജ്ജവം കാണിച്ചിട്ടുണ്ടല്ലോ. എന്നാല്‍, ഏരെ രസകരമായ പ്രതികരണമാണ് ഇതിനെക്കുറിച്ച് നമ്മുടെ മുഖ്യമന്ത്രി നടത്തിയത്. അമൃതാനന്ദമയീ മഠം നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ കണക്ക് പറഞ്ഞാണ് പരോക്ഷമായിട്ടെങ്കിലും മുഖ്യമന്ത്രി അമൃതാനന്ദമയിയെ ന്യായീകരിച്ചത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് നിയമമറിയില്ല എന്ന് കരുതാന്‍ ഏതായാലും നിര്‍വാഹമില്ല. പരാതി കൊടുത്തില്ലെങ്കിലും വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ തന്നെ സ്ത്രീകള്‍ക്കെതിരിലുള്ള ലൈംഗിക പീഢനക്കേസുകളില്‍ കേസെടുക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്. സാമൂഹ്യ സേവനം നടത്തുന്ന ആളുകള്‍ക്ക് എന്തുമാവാമെന്നാണോ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്? അത്തരക്കാര്‍ക്ക് സാമ്പത്തിക അച്ചടക്കം ബാധകമല്ലെന്നാണോ? അത്തരക്കാര്‍ക്ക് തങ്ങളുടെ കേന്ദ്രങ്ങള്‍ വഴി എന്ത് അതിക്രമങ്ങളും പ്രവര്‍ത്തിച്ചു കൂട്ടാമെന്നാണോ? അത്തരക്കാര്‍ക്ക് ലൈംഗിക പീഢനമടക്കമുള്ള എന്ത് തോന്നിവാസങ്ങളും ചെയ്യാമെന്നാണോ? ആരോപണത്തെക്കുറിച്ച് അന്വേഷിക്കുക എന്ന ഒരു മിനിമം മര്യാദയെങ്കിലും ഗവണ്‍മെന്റ് പാലിക്കേണ്ടതല്ലേ? പിന്നെ, സാമൂഹ്യ സേവനമൊന്നും നടത്താതെ വെറും തട്ടിപ്പും വെട്ടിപ്പും ബലാല്‍സംഗവും അക്രമങ്ങളും മാത്രം നടത്തി ഏതെങ്കിലും ഒരു വിഭാഗത്തിന് ജനങ്ങള്‍ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയുമോ കൂട്ടരേ? കേരളത്തിലെ അറിയപ്പെട്ട ഇടതുപക്ഷ സൈദ്ധാന്തികനും എഴുത്തുകാരനുമായ ഒരു വ്യക്തിയുമായി ഈയുള്ളവന്‍ ഈ വിഷയം സംസാരിച്ചപ്പോള്‍ അദ്ദേഹം നടത്തിയ ഒരു നിരൂപണം എന്നെ ഏറെ ചിന്തിപ്പിച്ചു. അദ്ദേഹം പറഞ്ഞ കാര്യമിതാണ്. ”നിങ്ങള്‍ പതിനായിരം രൂപ മാസത്തില്‍ ശമ്പളം വാങ്ങുന്ന ഒരാളാണെങ്കില്‍ നിങ്ങളൊരു ആയിരം രൂപ കൈക്കൂലി വാങ്ങിയാല്‍ സമൂഹത്തില്‍ അത് വലിയ പ്രശ്‌നമാണ്. സമൂഹം നിങ്ങളെ ഒരു കൊള്ളക്കാരനായും പിടിച്ചുപറിക്കാരനായും വിലയിരുത്തും. എന്നാല്‍ നിങ്ങള്‍ പതിനായിരം കോടിയുടെ ആസ്തിയുള്ളയാളാണെങ്കില്‍ നിങ്ങളൊരു നൂറു കോടി വെട്ടിപ്പ് നടത്തിയാലും സമൂഹത്തില്‍ അത് ഒരു ചലനവും സൃഷ്ടിക്കില്ല. ആ സമൂഹത്തിന് മുന്നിലൂടെ പിന്നെയും നിങ്ങള്‍ക്ക് നെഞ്ചും വിരിച്ച് നടക്കാം. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് സമൂഹത്തിന്റെ മനസ്സ് ആ രീതിയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു.” ഗുരുതരമായ സാമ്പത്തിക ആരോപണവും ലൈംഗിക ആരോപണവും ഉന്നയിക്കപ്പെട്ടിട്ടും അതിനും മുകളിലാണ് അമ്മ നടത്തുന്ന സേവനങ്ങള്‍ എന്ന് വിലയിരുത്തപ്പെടുമ്പോള്‍ മുകളില്‍ സൂചിപ്പിച്ച സാംസ്‌കാരിക നായകന്റെ നിരൂപണത്തിന് പ്രസക്തിയേറുകയാണ്.
ഈ ലൈംഗിക അരാജകത്വവും സാമ്പത്തിക അട്ടിമറികളും അതിക്രമങ്ങളുമൊന്നും ഏതെങ്കിലുമൊരു മതത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന കാര്യങ്ങളല്ല. അങ്ങനെ ഏതെങ്കിലുമൊരു മതത്തിന്റെ ചുമലില്‍ മാത്രം ഇത്തരത്തിലുള്ള കാര്യങ്ങള്‍ വെച്ചുകെട്ടുന്നതും ശരിയല്ല. അങ്ങനെയാരെങ്കിലും ചെയ്താല്‍ അതാണ് വര്‍ഗീയത. ക്രൈസ്തവരുടെ കീഴിലുള്ള മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിന്റെ മറവില്‍ നടന്ന അതിക്രമങ്ങളും ലൈംഗിക പീഢന കഥകളും ദുരൂഹത നിറഞ്ഞ മരണങ്ങളും ഇതോടൊപ്പം ചേര്‍ത്ത് വായിക്കുക. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കെ പി യോഹന്നാന്റെ സെന്റ് ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഇതില്‍ നിന്നൊഴിവല്ല.
ഇവിടെയുമുണ്ട് ചില ‘വിശുദ്ധ നരകങ്ങള്‍’
മുസ്‌ലിം സമൂഹത്തില്‍ നിരന്തരം വിവാദങ്ങള്‍ സൃഷ്ടിക്കുകയും വിവാദങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും വിവാദങ്ങളില്‍ മാത്രം പിടിച്ച് നില്‍ക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണല്ലോ കാന്തപുരം അബൂബക്ര്‍ മുസ്‌ല്യാര്‍. മുസ്‌ലിം സമുദായത്തിലെ ഭാര്‍ഗവീനിലയമാണ് ഇയാളുടെ കീഴിലുള്ള കാരന്തൂര്‍ മര്‍ക്കസ്. കാരന്തൂരിലെ പരിസര വാസികള്‍ക്ക് ഈ സ്ഥാപനം ഉണ്ടാക്കിയ ഗുരുതരമായ മലിനീകരണ പ്രശ്‌നങ്ങള്‍ പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ശല്യം സഹിക്ക വയ്യാതെ ചിലരെല്ലാം കിട്ടിയ വിലക്ക് വിറ്റ് അവിടം വിട്ടുപോയ ചരിത്രവുമുണ്ടത്രെ. എങ്കിലും ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല അത്. പക്ഷെ, മാതാ അമൃതാനന്ദമയിക്കെതിരിലും അവരുടെ ആശ്രമത്തിനെതിരിലും ഗെയ്ല്‍ ട്രെഡ്‌വെല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ ചില കാര്യങ്ങള്‍ കാന്തപുരത്തിനെതിരില്‍ അയാളുടെ ശിഷ്യന്‍മാരും നടത്തിയിട്ടുണ്ട്. അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യനില്‍ നിന്ന് തനിക്ക് നിരന്തരമായി ലൈംഗിക പീഢനങ്ങള്‍ നേരിട്ടു എന്നാണ് ഗെയ്ല്‍ വെളിപ്പെടുത്തിയതെങ്കില്‍, സാക്ഷാല്‍ കാന്തപുരത്തില്‍ നിന്ന് തന്നെ തനിക്ക് ലൈംഗിക പീഢനം നേരിട്ടു എന്നാണ് കാന്തപുരത്തിന്റെ ശക്തനായ അനുയായിയായി അറിയപ്പെട്ട ജിഷാന്‍ മാഹി ഒരു ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയത്. വര്‍ഷങ്ങളോളം കാന്തപുരത്തിന്റെ അടുത്ത അനുയായിയും മര്‍ക്കസിലെ പ്രധാന വകുപ്പ് കൈകാര്യം ചെയ്ത ആളുമായ സ്വാലിഹ് സഖാഫിയുമായുള്ള ഒരു മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന ഫോണ്‍സംഭാഷണത്തിലാണ് ജിഷാന്‍ ഈ വെളിപ്പെടുത്തല്‍ നടത്തുന്നത്. ഇത് സ്ഥിരീകരിച്ച് കൊണ്ട് വര്‍ഷങ്ങളായി കാന്തപുരവുമായുള്ള ഇടപഴകലില്‍ താന്‍ സാക്ഷിയായ കാന്തപുരത്തിന്റെ ചില കാമകേളികള്‍ സ്വാലിഹ് സഖാഫിയും പങ്ക് വെക്കുന്നുണ്ട്. യാത്രക്കിടയില്‍ വാഹനത്തില്‍ വെച്ചുപോലും ഇത്തരം ലൈംഗിക കൂത്താട്ടങ്ങള്‍ നടത്തി അശുദ്ധിയോടു കൂടിയാണ് ഉസ്താദ് പല പള്ളികളും ഉദ്ഘാടനം ചെയ്യാന്‍ പോകാറുള്ളത് എന്നാണ് ഈ ഫോണ്‍ സംഭാഷണത്തില്‍ സ്വാലിഹ് സഖാഫി തുറന്ന് പറയുന്നത്. കാന്തപുരത്തിന്റെ ലൈംഗിക കേളികള്‍ വിവരിക്കുന്ന മുക്കാല്‍ മണിക്കൂര്‍ നീണ്ട മറ്റൊരു ഫോണ്‍ സംഭാഷണവുമുണ്ട്. കാന്തപുരം ഗ്രൂപ്പിലെ ഒരു ഉന്നതന്‍ വഴിയാണ് എനിക്ക് ഈ ഫോണ്‍ ക്ലിപ്പുകള്‍ കിട്ടിയത്. ഇതൊന്നും പൊതുജന മധ്യത്തില്‍ പറയാന്‍ കൊള്ളാത്തതാണെന്ന് എനിക്കറിയാം. എങ്കിലും ചില സൂചനകള്‍ നല്‍കിയില്ലെങ്കില്‍ ശരിയാവില്ല. ഈ വിഷയം ഞാനെന്റെ ലേഖനത്തില്‍ ഇത്രത്തോളം പരസ്യമായി പറയാന്‍ ഉദ്ദേശിച്ചതല്ല. പക്ഷെ, ഞാനീ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നതിന്റെ തലേ ദിവസവും അതിന്റെ തലേ ദിവസവും മലപ്പുറം ജില്ലയില്‍ രണ്ട് ഭാഗങ്ങളിലായി നടന്ന ഫൈസല്‍ മൗലവിയുടെയും യാസിര്‍ മദനിയുടെയും പ്രഭാഷണങ്ങള്‍ കാന്തപുരത്തിന്റെ അനുയായികള്‍ അലങ്കോലപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കുള്ള സൂചനകളാണ് ഇത്. പല സ്ഥലങ്ങളിലും കാന്തപുരത്തിന് മുദ്രാവാക്യം വിളിച്ച് കൊണ്ടാണ് അയാളുടെ ഭക്തന്‍മാര്‍ മുജാഹിദുകളുടെ സ്റ്റേജുകള്‍ കൈയ്യേറാന്‍ വരാറുള്ളത്. ഉസ്താദിനെ പ്രവാചക തുല്യനായോ ചിലപ്പോഴൊക്കെ അതിനും മുകളിലോ അവരോധിക്കാറുള്ള അനുയായികള്‍ക്കറിയില്ല ഉസ്താദിന്റെ മുഖമൂടിക്ക് പിന്നിലുള്ള യഥാര്‍ത്ഥ മുഖം.
ഇതിനെല്ലാം പുറമെ കാന്തപുരം നടത്തിയ കോടികളുടെ സാമ്പത്തിക ക്രമക്കേടുകള്‍ ആ ഗ്രൂപ്പ് നിലവില്‍ വന്ന കാലം മുതലേ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായതാണ്. മറ്റു മതങ്ങളിലെ ആള്‍ദൈവങ്ങളും ആത്മീയാചാര്യന്‍മാരും അവരുടെ അനുയായികളെ ചതിച്ചും വഞ്ചിച്ചും അവരില്‍ നിന്ന് പണം വസൂലാക്കിയതായി ഇതുവരെ കേട്ടിട്ടില്ല. എന്നാല്‍ കാന്തപുരത്തിന്റെ സ്ഥിതി നേരെ മറിച്ചാണ്. സ്വന്തം അനുയായികളെ പറഞ്ഞ് പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത ഒരു ആത്മീയാചാര്യന്‍ ലോകത്ത് മറ്റേതെങ്കിലും മതത്തിനുണ്ടോ എന്നത് അന്വേഷിക്കേണ്ടതാണ്. വ്യത്യസ്ഥ സന്ദര്‍ഭങ്ങളില്‍ വിവിധ സംരംഭങ്ങളുടെ പേര് പറഞ്ഞാണ് കാന്തപുരവും അയാളുടെ കൂട്ടുകച്ചവടക്കാരും കൂടി കോടികള്‍ സമ്പാദിച്ചിട്ടുള്ളത്. കാന്തപുരം ഗ്രൂപ്പിലെ ഉന്നതര്‍ ആദ്യമായി നടത്തിയ തട്ടിപ്പ് ക്രസന്റ് സിമന്റുമായി ബന്ധപ്പെട്ടതാണ് എന്നാണ് എന്റെ അറിവ്. ആ തട്ടിപ്പ് ജനങ്ങള്‍ മറക്കുന്നതിന് മുമ്പാണ് കമാലിയ്യ മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട തട്ടിപ്പ് നടന്നത്. കമാലിയ മെഡിക്കല്‍ കോളേജിന്റെ സംരംഭങ്ങള്‍ പിന്നീട് കൈമാറിയത് മറ്റൊരു വിവാദ നായകനായ കെ പി യോഹന്നാന്റെ സെന്റ് ബിലീവേഴ്‌സിനായിരുന്നു എന്ന് അക്കാലത്ത് ചില പ്രസിദ്ധീകരണങ്ങളിലൊക്കെ വന്നിരുന്നു. ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ ആത്മീയ കച്ചവടക്കാര്‍ തമ്മിലുള്ള കൂട്ടുകെട്ടും ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചരടുകളും മനസ്സിലാകും.
അതിന് ശേഷമാണ് കാന്തപുരത്തിന്റെ മറ്റൊരു അനുയായിയായ കുറ്റിപ്പുറത്തെ അബ്ദുന്നൂര്‍ ബാഖവിയുടെ നേതൃത്വത്തിലുള്ള കോടികളുടെ നിക്ഷേപ തട്ടിപ്പ് അരങ്ങേറിയത്. അബ്ദുന്നൂര്‍ ബാഖവി വെറുമൊരു ബിനാമി മാത്രമാണ് എന്ന് അന്നേ സംസാരമുണ്ടായിരുന്നു. അബ്ദുന്നൂര്‍ ബാഖവിയും കാന്തപുരവും തമ്മിലുള്ള ഗാഢമായ ബന്ധം പിന്നീട് ചില ഫോട്ടോകളിലൂടെ പുറത്തുവന്നിരുന്നു. അബ്ദുന്നൂര്‍ ബാഖവിക്കെതിരില്‍ പരാതിയുടെ പ്രളയമായപ്പോള്‍ അയാളെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. അതിന് പിറകെ അയാളുടെ കേന്ദ്രത്തില്‍ പോലീസ് സെര്‍ച്ച് ചെയ്തപ്പോള്‍ അവിടെ നിന്നും ഒരു തോക്കും കുറെ തിരകളും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. വെല്ലൂര്‍ ബാഖിയാത്തില്‍ പോയി ബാഖവി ബിരുദമെടുത്ത അബ്ദുന്നൂര്‍ എന്ന കാന്തപുരത്തിന്റെ അനുയായിക്കെന്തിനാണ് തോക്ക്? കുറ്റിപ്പുറം നിളയുടെ തീരത്ത് നിരന്നിരിക്കുന്ന കൊക്കുകളെ വെടി വെച്ച് നേരം പോക്കാനോ? റിമാന്റ് തടവില്‍ കഴിഞ്ഞിരുന്ന കാലയളവില്‍ ജയിലില്‍ പോയി അബ്ദുന്നൂര്‍ ബാഖവിയുമായി ഇന്റര്‍വ്യൂ നടത്തിയതും അയാളെ ന്യായീകരിച്ച് അന്ന് ലേഖനമെഴുതിയതും കാന്തപുരം ഗ്രൂപ്പിന്റെ തീവ്രമാസികയായ സെന്‍സിംഗായിരുന്നു. ‘അബ്ദുന്നൂര്‍ ബാഖവിക്കും ചിലത് പറയാനുണ്ട്’ എന്നായിരുന്നു ആ അഭിമുഖത്തിന്റെ തലക്കെട്ട്. ജാമ്യത്തിലിറങ്ങിയ അബ്ദുന്നൂര്‍ ബാഖവി പിന്നീട് വിദേശത്തേക്ക് മുങ്ങി. ഇപ്പോഴും മുങ്ങലും പൊങ്ങലുമായി അയാള്‍ തന്റെ നിക്ഷേപകരെ വട്ടം കറക്കിക്കൊണ്ടിരിക്കുകയാണ്. ഈ തട്ടിപ്പില്‍ ഇതുവരെ ചില പരല്‍മീനുകളുടെ പേര് മാത്രമേ പുറത്തു വന്നിട്ടുള്ളൂ. വല പൊട്ടിക്കാന്‍ കെല്‍പ്പുള്ള വമ്പന്‍ സ്രാവുകളും കൊമ്പന്‍സ്രാവുകളും ഇപ്പോഴും പുതിയ ഇരകളെ തേടി നീന്തിക്കളിച്ചു കൊണ്ടിരിക്കുകയാണ്.
ഏറ്റവുമൊടുവിലാണ് കേരളമുസ്‌ലിം ചരിത്രം കണ്ടതില്‍ വെച്ചേറ്റവും വലിയ തട്ടിപ്പായ കള്ളമുടി കാന്തപുരം കൊണ്ടുവന്നത്. കണ്ടാലും കൊണ്ടാലും പഠിക്കാത്ത അനുയായികള്‍ തന്നെയാണ് ഈ കെണിയിലും തല വെച്ചു കൊടുത്തത്. പക്ഷെ, ഈ കെണിയില്‍ കാന്തപുരത്തിന്റെ അനുയായികള്‍ കുടുങ്ങിയത് സാമ്പത്തിക ലാഭം പ്രതീക്ഷിച്ചല്ലായിരുന്നു. മറിച്ച്, മുത്തുനബിയോടുള്ള ‘ഹുബ്ബ്’ നിറഞ്ഞ് കവിഞ്ഞൊഴുകിയ അനുയായികളെയാണ് കാന്തപുരം ഈ കെണിയില്‍ കുടുക്കിയത്. നിസ്‌കരിച്ചില്ലെങ്കിലും നോമ്പ് നോറ്റില്ലെങ്കിലും സകാത്ത് കൊടുത്തില്ലെങ്കിലും പലിശ വാങ്ങിയാലും കള്ള് കുടിച്ചാലും പെണ്ണ് പിടിച്ചാലും ആണ്ടോടാണ്ട് വരുന്ന റബീഉല്‍ അവ്വലിലെ നബിദിന ഘോഷയാത്രയില്‍ പങ്കെടുത്തോ മുത്തുനബിയുടെ ആസാറുകളില്‍ മുത്തിമണത്തോ എങ്ങനെയെങ്കിലും തിക്കിത്തിരക്കി സ്വര്‍ഗ്ഗത്തിന്റെ വാതിലൊന്ന് കടന്നു കിട്ടണം എന്ന് ചിന്തിക്കുന്നവനാണല്ലോ ഒരു ആവറേജ് കാന്തപുരം സുന്നി. സ്വര്‍ഗ്ഗത്തില്‍ കടക്കാനുള്ള എളുപ്പ വഴി തപ്പി നടക്കുന്ന അനുയായികളുടെ മുമ്പിലേക്കാണ് ‘സ്വര്‍ഗ്ഗത്തിലേക്കുള്ള ഒരു വാതില്‍’ തന്നെ കാന്തപുരം തുറന്ന് കൊടുത്തത്. അതാണ് ശഅ്‌റേ മുബാറക് മസ്ജിദ്. ചിലവ് വെറും നാല്‍പത് കോടി. നിര്‍മ്മിക്കുന്നത് ‘മുത്തുനബിയെ കാണാന്‍ ടിക്കറ്റ് കൊടുക്കുന്ന കാന്തപുരം’ ഉസ്താദ്. എന്തൊക്കെ തെമ്മാടിത്തം ചെയ്താലും കാന്തപുരം പറഞ്ഞാല്‍ അല്ലാഹു കേള്‍ക്കാതിരിക്കില്ല എന്നാണ് അനുയായികളുടെ വെപ്പ്. കാന്തപുരത്തിനോട് ചോദിക്കാതെ അല്ലാഹു ഒന്നും ചെയ്യുമെന്ന് തോന്നുന്നില്ല എന്ന് പ്രസംഗിക്കുന്ന വായാടികള്‍ ഈ കള്ളമുടിയെയും മുടിക്കെട്ടിടത്തെയും ന്യായീകരിച്ചുകൊണ്ട് നാടൊട്ടാകെ വായിട്ടലച്ച് നടക്കുകയും ചെയ്യുന്നു. പോരേ പൂരം? മോക്ഷപ്രാപ്തിക്ക് ഇതില്‍ കൂടുതല്‍ ഇനിയെന്ത് വേണം? സ്വര്‍ഗ്ഗത്തില്‍ കടക്കാന്‍ ഇതിലും നല്ലൊരു കുറുക്കുവഴി ഇനിയില്ല താനും. നമ്മളങ്ങനെ സ്വര്‍ഗ്ഗത്തിലേക്ക് കടക്കുമ്പോള്‍ മുജാഹിദുകളും ചേളാരിക്കാരും ആ സ്വര്‍ഗ്ഗത്തിന്റെ ഗേറ്റിന് പുറത്ത് നഖവും കടിച്ച് നില്‍ക്കുന്നത് നമുക്ക് കാണണം. കൊടുത്തു, ഉസ്താദ് ചോദിച്ച നാല്‍പത് കോടിയിലേക്ക് നൂറും ആയിരവും പതിനായിരവും ലക്ഷവും. ഒടുവില്‍ ‘ആട് കിടന്നിടത്ത് ഒരു പൂട പോലുമില്ല’ എന്നു പറഞ്ഞത് പോലെ മുടിപ്പള്ളിയുടെ സ്ഥാനത്ത് ഒരു ഇഷ്ടികക്കഷ്ണം പോലുമില്ല. തറക്കല്ലിട്ട സ്വപ്‌നനഗരിയിലാകട്ടെ, പണ്ടത്തെപ്പോലെത്തന്നെ തെരുവുനായ്ക്കളും തെരുവിന്റെ മക്കളും മത്സരിച്ച് മലമൂത്ര വിസര്‍ജനം നടത്തുമുണ്ട്. എങ്കിലെന്താ? പിരിവ് ഗംഭീരമായി നടന്നില്ലേ? നാല്‍പത് കോടിക്ക് പകരം എത്ര കോടികള്‍ പിരിച്ചു എന്നത് കൃത്യമായി കാന്തപുരത്തിനും മകന്‍ അബ്ദുല്‍ ഹകീമിനും അറിയാമായിരിക്കും. അവസാനം കാന്തപുരം ഒന്നുകൂടി പറഞ്ഞു. മുടിപ്പള്ളി നിര്‍മിക്കാന്‍ അയാള്‍ ഒരു രൂപ പോലും പിരിച്ചിട്ടില്ലത്രെ! അതൊരു പക്ഷെ ശരിയായിരിക്കും. പണം പിരിക്കുമ്പോള്‍ ഇതുകൊണ്ട് നാല്‍പത് കോടിയുടെ പള്ളി നിര്‍മ്മിക്കണമെന്ന് അയാള്‍ ചിന്തിച്ചിട്ട് കൂടിയുണ്ടാകില്ല. തനിക്കും പിന്നാലെ വരുന്ന പത്ത് തലമുറക്കും ഇരുന്നും കിടന്നും തലകുത്തി മറിഞ്ഞും മൃഷ്ടാന്ന ഭോജനം നടത്താന്‍ കുറെ കോടികള്‍ എന്നായിരിക്കാം അയാള്‍ ചിന്തിച്ചിട്ടുണ്ടാവുക. ഒരു കാര്യം ഉറപ്പ്. കമാലിയയുടെ പേരിലും കള്ളമുടിയുടെ പേരിലും കാന്തപുരം പിരിച്ചെടുത്ത കോടികളില്‍ ഒരു രൂപ പോലും ആര്‍ക്കും തിരിച്ചുകൊടുത്തിട്ടില്ല. പിന്നെ എവിടെപ്പോയി ഈ കോടാനുകോടികള്‍? കോരിച്ചൊരിയുന്ന മഴയത്ത് കാന്തപുരത്തിന്റെ ശിഷ്യന്‍മാരും അബ്ദുല്‍ ഹകീമിന്റെ മക്കളും കൂടി കടലാസുതോണിയുണ്ടാക്കിക്കളിച്ചോ ആ പണം കൊണ്ട്? അതോ, കാരന്തൂര്‍ മര്‍ക്കസിനുള്ളില്‍ കുറേ കാലം ചാക്കുകളില്‍ കെട്ടി വെച്ച് പൂപ്പല്‍ പിടിച്ചപ്പോള്‍ ഒടുവില്‍ കാന്തപുരത്തിന്റെ തൊടിയിലെ തെങ്ങിന് തളം വെട്ടി മൂടിയോ കൂട്ടരേ? ഇല്ലെങ്കില്‍ അതെവിടെപ്പോയി? സുരക്ഷിതമായി സ്വിസ് ബാങ്കിലോ മറ്റേതെങ്കിലും ബാങ്കിലോ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതാരുടെ പേരില്‍? അതുമല്ലെങ്കില്‍ ഏതു ബിസിനസിലാണ് അത് മുതല്‍ മുടക്കിയത്? അങ്ങനെയാണെങ്കില്‍ അതിന്റെ ലാഭം ലഭിക്കുന്നത് ആര്‍ക്ക്? ഒരു കാര്യം കാന്തപുരവും അനുയായികളും മനസ്സിലാക്കുക. കാന്തപുരം ഗ്രൂപ്പിന്റെ ഉത്ഭവം മുതല്‍ കമാലിയ വരെയുള്ള തട്ടിപ്പുകളെപ്പോലെയല്ല ഇത്. ലോകമുസ്‌ലിംകളുടെ ആത്മീയ നേതാവായ, മനസ്സിനുള്ളിലെ മഹാരാജാവായ, മുസ്‌ലിംകളുടെ പുണ്യനേതാവായ മുത്തുനബിയെ വെച്ച് കാന്തപുരം നടത്തിയ കച്ചവടമാണിത്. മാപ്പര്‍ഹിക്കാത്തൊരു കച്ചവടമാണ് കാന്തപുരം ഇപ്പോള്‍ നടത്തിയിട്ടുള്ളത്. ഈ കച്ചവടത്തില്‍ കാന്തപുരത്തിന് താല്‍ക്കാലിക ലാഭം ലഭിച്ചിട്ടുണ്ടായിരിക്കാമെങ്കിലും അന്തിമമായി പരാജയം തന്നെയാണ് അയാളെ കാത്തിരിക്കുന്നത്. ചരിത്രത്തില്‍ ഖാറൂനിക്കേളും വലിയ മുതലാളിയൊന്നുമല്ല കാന്തപുരം.
വിവാദവും കാന്തപുരവും ഒരുമ്മ ഇരട്ട പെറ്റ മക്കളാണ്. മുടിവിവാദം ആളിക്കത്തിക്കൊണ്ടിരിക്കെത്തന്നെയാണ് അയാള്‍ മറ്റൊരു വിവാദത്തിലേക്ക് എടുത്തു ചാടിയത്. നബിയുടെ പാനപാത്രം എന്ന് പറഞ്ഞ് ഏതോ ജൂതന്‍ തന്റെ ചിഹ്നം അച്ചു കുത്തിയ പാത്രമാണ് കാന്തപുരം പിന്നീട് കൊണ്ടുവന്നത്. അതിനെക്കുറിച്ച് കഴിഞ്ഞ ലക്കം വിശദമായി എഴുതിയത് കൊണ്ട് വീണ്ടുമതാവര്‍ത്തിക്കുന്നില്ല. ഏതായാലും ആ ചട്ടി കാന്തപുരം, ഖസ്‌റജി എന്ന ജൂതചാരന് തന്നെ മടക്കിക്കൊടുത്തു എന്നാണ് ഒടുവില്‍ കിട്ടിയ സ്ഥിരീകരിക്കാത്ത വിവരം. അതെത്രത്തോളം ശരിയാണ് എന്നറിഞ്ഞു കൂടാ. അതിന്റെ പിന്നാലെത്തന്നെയാണ് അല്‍ ഇസ്വ്‌ലാഹ് മാസിക. കേട്ട വാര്‍ത്ത ശരിയാണെങ്കില്‍ ബാക്കി അപ്പോള്‍ പറയാം. പക്ഷെ, ഈയുള്ളവന്റെ ഒരു വിലയിരുത്തല്‍, ജാലിയാവാലയുടെ കള്ളമുടി കൊണ്ട് കോടികള്‍ വാരിക്കൂട്ടിയ കാന്തപുരം ആ കോടികളെ ഗുണിക്കാനല്ല ജൂതന്റെ ചട്ടി കൊണ്ട് വന്നത് എന്നാണ്. ആ ചട്ടി ഒരു സന്ദേശവും താക്കീതുമാണ്. മുടിവിഷയത്തില്‍ തനിക്ക് പാര വെച്ച സ്വന്തം പാളയത്തിലെ ഭൂരിപക്ഷ പണ്ഡിതന്‍മാര്‍ക്കുള്ളതാണ് ആ സന്ദേശം. ആരൊക്കെ എന്തൊക്കെ പാര വെച്ചാലും താന്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും, അതംഗീകരിക്കാന്‍ മനസ്സുള്ളവര്‍ തന്റെ കൂടെ നിന്നാല്‍ മതി എന്നതാണ് ആ താക്കീത്. അതുകൊണ്ട് തന്നെ ഈ ചട്ടിയെക്കുറിച്ച് കാന്തപുരമല്ലാതെ മറ്റൊരു കുട്ടിയും വാ തുറന്ന് സംസാരിച്ചിട്ടില്ല. ഇതിന്റെ അടിയാധാരവും നികുതിച്ചീട്ടുമൊന്നും തപ്പാനോ അതിനെ ന്യായീകരിക്കാനോ വിവരക്കേടിന് കൈയും കാലും വെച്ച പേരോടിന് പോലും ധൈര്യം വന്നിട്ടില്ല. ചട്ടിക്ക് പുറമെ സ്വഹാബിയും യുദ്ധതന്ത്രജ്ഞനുമായിരുന്ന ഖാലിദ്ബ്‌നു വലീദ്(റ)വിന്റെ കോട്ടും തനിക്ക് കിട്ടിയിട്ടുണ്ടെന്നാണ് ഒടുവില്‍ കാന്തപുരം പറഞ്ഞത്. ”എല്ലാരും ബേജാറായി മരിക്കാന്‍ തയ്യാറായിക്കോളീ, എനിക്ക് ഖാലിദ് ബ്‌നു വലീദിന്റെ കോട്ടും കിട്ടിയിട്ടുണ്ട്, അത് താമസിയാതെ പ്രത്യക്ഷപ്പെടും” എന്നാണ് കാന്തപുരം ഒരു പ്രസംഗത്തില്‍ പറഞ്ഞത്. ”മരിക്കാന്‍ തയ്യാറായിക്കോളീ” എന്ന് പറഞ്ഞത് മുജാഹിദുകളോടും ഇ കെ സമസ്തക്കാരോടുമാണ് എന്ന് ഞാന്‍ കരുതുന്നില്ല. ഇതിലും വലിയ ദുരന്തങ്ങളൊക്കെ സംഭവിച്ചിട്ടും പിടിച്ച് നിന്നവരും അതീജീവിച്ചവരുമാണ് കേരളമുസ്‌ലിംകള്‍. പിന്നെ ആരോടാണ് കാന്തപുരം അത് പറഞ്ഞത്? സ്വന്തം ഗ്രൂപ്പിലെ പാരകളോട് തന്നെയാണ് അത് പറഞ്ഞത് എന്ന് ഈയുള്ളവന്‍ ഉറച്ച് വിശ്വസിക്കുന്നു. കാന്തപുരം കള്ളമുടി കൊണ്ട് വന്നപ്പോള്‍ അവര്‍ക്കാണല്ലോ ചെറുതല്ലാത്ത ബേജാറുണ്ടായത്. അങ്ങനെ ഖാലിദ്ബ്‌നു വലീദിന്റെ കോട്ടും മര്‍ക്കസിലെത്തിയത്രെ! അല്ലാഹുവേ, ഈ സമുദായത്തെ നീ തന്നെ കാക്കണേ. ഇനിയെന്തെല്ലാം കാണാനും കേള്‍ക്കാനുമിരിക്കുന്നു! ഖാലിദ് ബ്‌നു വലീദ്(റ)വിന്റെ കോട്ടല്ല, അബൂജഹ്‌ലിന്റെ കോണകം സൂക്ഷിക്കാന്‍ പറ്റിയ സ്ഥലമാണ് കാരന്തൂര്‍ മര്‍ക്കസ്. പാരമ്പര്യമായി കൈമാറി വന്ന വല്ല അവശിഷ്ടങ്ങളും കാന്തപുരത്തിന്റെ കൈയിലുണ്ടായിരുന്നുവെങ്കില്‍ ഉണ്ടാകേണ്ടിയിരുന്നത് അതാവണമായിരുന്നു. ആദര്‍ശപരമായി കാന്തപുരത്തോട് ഒട്ടി നില്‍ക്കുന്നത് ഖാലിദ് ബ്‌നു വലീദല്ല, അബൂജഹ്ല്‍ തന്നെയാണ്. ഇനിയെന്തൊക്കെയാണ് കാന്തപുരം കൊണ്ടുവരാന്‍ പോകുന്നത് എന്ന് കണ്ടറിയുക തന്നെ വേണം. ”താമസിയാതെ ആയിശ ബീവി മുറ്റമടിച്ച ചൂലും ഖദീജാ ബീവി അച്ചാറിട്ട ഭരണിയും ഫാത്വിമ ബീവി പച്ചക്കറിയരിഞ്ഞ കത്തിയുമെല്ലാം ഇയാള്‍ കൊണ്ടു വരും” എന്നൊരു വാചകം കഴിഞ്ഞ ലക്കത്തിലെ എന്റെ ലേഖനത്തിലുണ്ടായിരുന്നു. അതൊരു സാങ്കല്‍പ്പിക പ്രയോഗമായിരുന്നെങ്കിലും കാന്തപുരത്തിന്റെ ഇപ്പോഴത്തെ നിലപാട് കാണുമ്പോള്‍ അതൊക്കെ സംഭവിക്കുമോ എന്ന് തീര്‍ച്ചയായും ആശങ്കയുണ്ട്. ഖാലിദ് ബ്‌നു വലീദിന്റെ കോട്ട് കൊണ്ടുവന്ന കാന്തപുരത്തിനാണോ ഫാത്വിമ ബീവിയുടെ കത്തി കൊണ്ടുവരാന്‍ പ്രയാസം? ഇതിനിടയില്‍ ഫേസ്ബുക്കിലും വാട്‌സപ്പിലുമെല്ലാം വരുന്ന ചില ചിത്രങ്ങള്‍ കാന്തപുരത്തിനെ എത്രത്തോളം കോമാളിയായി ജനങ്ങള്‍ കാണുന്നു എന്നതിന് തെളിവാണ്. ഏതോ ഒരു വിദ്വാന്‍, കീറിപ്പറിഞ്ഞ ഒരു ഷെഡ്ഡിയുടെ ചിത്രവും അതിനു താഴെ ”ഫിര്‍ഔനിന്റെ ഷെഡ്ഡി കാന്തപുരത്തിന്റെ കൈയില്‍” എന്നൊരു അടിക്കുറിപ്പും നല്‍കിയ ചിത്രം ഈയിടെ കാണാനിടയായി. ആദര്‍ശപരമായ അഭിപ്രായവ്യത്യാസങ്ങളും അതിന്റെ പേരിലുള്ള പീഢനങ്ങളും പല വിഭാഗത്തിലുള്ള പണ്ഡിതന്‍മാര്‍ക്കും പണ്ടും ഇപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, കാന്തപുരം മുസ്‌ല്യാരെപ്പോലെ ഇത്രയധികം പരിഹാസ്യനായ ഒരു പണ്ഡിതന്‍ കേരളചരിത്രത്തിലുണ്ടായിട്ടില്ല.
കാന്തപുരത്തിന്റെയും കാരന്തൂര്‍ മര്‍ക്കസിന്റെയും സകല കളികളും, ഇപ്പോഴും പുറത്ത് വരാത്ത പല സംഭവ വികാസങ്ങളും താമസിയാതെ പലതും പുറത്ത് വരും. മതത്തിന്റെ പേരില്‍ ഏറ്റവുമധികം നെറികേടുകള്‍ ചെയ്തവന്‍, കേരളം കണ്ട ഏറ്റവും വലിയ മതവാണിഭക്കാരന്‍, നേരും നെറിയും ലൈംഗിക ശുദ്ധിയും സാമ്പത്തിക ശുദ്ധിയും തൊട്ടുതീണ്ടാത്ത നേതാവ്….എന്നീ വിശേഷണങ്ങളായിരിക്കും ചരിത്രം കാന്തപുരത്തിനായി മാറ്റി വെക്കുക. ഇതിനിടയില്‍ എത്ര തപ്പിയാലും പരതിയാലും കാന്തപുരത്തിന് ചാര്‍ത്തിക്കൊടുക്കാന്‍ പറ്റിയ ഒരു നല്ല വിശേഷണം കാണുക സാധ്യമല്ല തന്നെ. ഇടതുപക്ഷ ചിന്തകനായ കെ ഇ എന്‍ കുഞ്ഞഹമ്മദ് കാന്തപുരത്തിന് കണ്ട ഒരേയൊരു ഗുണം, ഇലനക്കികളും ചിറിനക്കികളുമായി കഴിഞ്ഞിരുന്ന ‘മുല്ലമാര്‍’ എന്ന വിഭാഗത്തിന് ഒരു ഇമേജ് ഉണ്ടാക്കിക്കൊടുക്കാന്‍ കാന്തപുരത്തിന് കഴിഞ്ഞു എന്നതാണ്. അത് അംഗീകരിച്ചുകൊടുക്കേണ്ട കാര്യം തന്നെയാണ്. ആ നന്ദി മുല്ലമാര്‍ക്ക് കാന്തപുരത്തിനോട് ഉണ്ട്താനും. ആ നന്ദി തന്നെയാണ് കാന്തപുരത്തിന് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസന്‍സും. മുസ്‌ലിംകളെ വഞ്ചിച്ചും മുസ്‌ലിം വിരോധികളില്‍ നിന്നും അച്ചാരം വാങ്ങിയും കാന്തപുരം സമ്പാദിച്ച കോടികളില്‍ ഏതാനും അപ്പക്കഷ്ണങ്ങള്‍ തന്റെ മുന്നില്‍ നിന്ന് നന്ദിയോടെ വാലാട്ടുന്ന അനുയായികള്‍ക്കും അയാള്‍ ഇട്ടു കൊടുക്കുന്നുണ്ടാകണം. അതിന് അവര്‍ നന്ദി കാണിച്ചുകൊള്ളട്ടെ. എങ്കിലും കേരളമുസ്‌ലിംകളുടെ മനസ്സില്‍ കാന്തപുരത്തിനുള്ള സ്ഥാനം, ഇസ്‌ലാമിനെ കച്ചവടച്ചരക്കാക്കിയ സമര്‍ത്ഥനായ വ്യാപാരി എന്നതായിരിക്കും.
ആള്‍ദൈവങ്ങളുടെ ആസ്തിക്ക് പിന്നില്‍?
ഇന്ത്യയിലെ വിവിധ മതങ്ങളില്‍ പെട്ട ആള്‍ദൈവങ്ങള്‍ക്കും ആത്മീയാചാര്യന്‍മാര്‍ക്കും അമേരിക്കയില്‍ നിന്നും കോടിക്കണക്കിന് പണം വരുന്നു എന്നാണ് ആള്‍ദൈവങ്ങളെ കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരന്‍ ഈയടുത്ത കാലത്ത് എന്നോട് പറഞ്ഞത്. തന്റെ പഠനത്തില്‍ അദ്ദേഹം കണ്ടെത്തിയ കാര്യം ഇതായിരുന്നു. അടുത്ത കാല്‍ നൂറ്റാണ്ടിനുള്ളില്‍ അമേരിക്കയെയും കവച്ച് വെച്ച് ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ വരാന്‍ പോകുന്നത് ഇന്ത്യയാണ്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും സാംസ്‌കാരിക അപചയവും ലൈംഗിക അരാജകത്വവും വഴി പതനത്തിന്റെ പടുകുഴിയിലേക്കാണ് അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇനി അമേരിക്കയുടെ പ്രധാന എതിരാളി ഇന്ത്യയാണത്രെ! ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും മറ്റു ബൗദ്ധിക മേഖലകളിലും സ്‌ഫോടനാത്മകമായ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള ബുദ്ധിജീവികളാണ് ഇന്ത്യയുടെ ഭാവി സമ്പത്ത്. ഇത്തരമാളുകളില്‍ പരമാവധി പേരെ ഏതെങ്കിലും ആള്‍ദൈവത്തിന് പിന്നില്‍ തളച്ചിടുക എന്നൊരു നിഗൂഢ പദ്ധതി അമേരിക്കയടക്കമുള്ള രാഷ്ട്രജന്‍മിമാര്‍ക്കുണ്ടത്രെ! എഞ്ചിനീയര്‍മാരും ഐ എ എസ് ഉദ്യോഗസ്ഥന്‍മാരും വലിയ ബുദ്ധിജീവികളും വിവിധ മേഖലകളില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയവരും ഇന്ത്യയിലെ പല ആള്‍ദൈവങ്ങളുടെയും അനുയായികളായി ആത്മീയലോകത്ത് അഭയം തേടുന്നുണ്ട്. രാജ്യത്തിന്റെ നന്‍മക്കും പുരോഗതിയിലേക്കുള്ള കുതിച്ചുപാച്ചിലിനും ഉപയോഗിക്കേണ്ട ഇത്തരക്കാരുടെ തലച്ചോര്‍ മരവിപ്പിക്കുകയും പ്രവര്‍ത്തനങ്ങളെ ഷണ്ഡീകരിക്കുകയും ചെയ്യുക എന്ന അതിവിദൂരമായ പദ്ധതിയാണത്രെ ചില രാഷ്ട്രങ്ങള്‍ ലക്ഷ്യമിടുന്നത്. ഈ നിരൂപണവും കണ്ടെത്തലുകളും സത്യമാണോ എന്ന് എനിക്കറിഞ്ഞുകൂടാ. എങ്കിലും ഇത്തരത്തില്‍ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ വിവിധ ആള്‍ദൈവങ്ങളുടെ കോന്തലയില്‍ തൂങ്ങിയും അവരുടെ കാല്‍പാദത്തിനടിയില്‍ തല വെച്ചുകൊടുത്തും ആള്‍ദൈവങ്ങളുടെ കാല് നക്കിയും ജീവിതം ഹോമിക്കുന്നത് കാണുമ്പോള്‍ ഇത്തരം കണ്ടെത്തലുകളില്‍ സത്യത്തിന്റെ അംശമില്ലേ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ആള്‍ദൈവങ്ങളുടെ പ്രചാരകരായും അവരുടെ അത്ഭുതപ്രകടനങ്ങളും ജീവിതരീതിയും പൊടിപ്പും തൊങ്ങലും വെച്ച് പെരുമ്പറയടിക്കുകയും ചെയ്യുന്നവരില്‍ അമേരിക്കയടക്കമുള്ള വിദേശരാഷ്ട്ര പൗരന്‍മാര്‍ മുന്‍പന്തിയിലാണ് എന്നതും ഇവിടെ കൂട്ടി വായിക്കുക. അമൃതാനന്ദമയിയുടെ ജീവചരിത്രം എഴുതാനും അതില്‍ അത്ഭുത പ്രകടനങ്ങള്‍ കുത്തിനിറക്കാനും അത് പ്രചരിപ്പിക്കാനും അമേരിക്കയിലെ ചില പ്രഗല്‍ഭര്‍ കാണിക്കുന്ന അത്യുത്സാഹത്തില്‍ നിന്ന് നാം ചിലതൊക്കെ മനസ്സിലാക്കേണ്ടതുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ജനിച്ച പ്രഗല്‍ഭ ഗവേഷകയും എഴുത്തുകാരിയും ചിന്തകയുമായ ജൂഡിത് കോര്‍ണെല്‍ ഇത്തരക്കാരില്‍ ഒരാളാണ്. അന്താരാഷ്ട്ര പുരസ്‌കാരത്തിന് പോലും അര്‍ഹയായ ജൂഡിത് കോര്‍ണെല്‍ അമൃതാനന്ദമയിയുടെ വിശദമായ ജീവചരിത്രം രചിച്ചിട്ടുണ്ട്. ഈ ജീവചരിത്രം ഒരാവര്‍ത്തി വായിച്ചാല്‍ നാം ആലീസിന്റെ അത്ഭുതലോകത്ത് എത്തിപ്പെട്ട ഒരു പ്രതീതിയുണ്ടാകും. അമൃതാനന്ദമയിയെ ഒരു അവതാര ജന്‍മമാക്കുന്നതിലോ അല്ലെങ്കില്‍ ദൈവികാംശമുള്ള ഒരു അത്ഭുത ജന്‍മമാക്കുന്നതിലോ അത്യുത്സാഹം കാണിക്കുന്ന രീതിയിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അതിനാവശ്യമായ ചേരുവകളും അത്ഭുത കഥകളും ഈ പുസ്തകത്തില്‍ കുത്തിനിറച്ചിട്ടുണ്ട്. ഇതിന്റെ 53, 54 പേജുകളില്‍ എഴുതുന്നത് കാണുക:
”അമ്മ ദേവീഭാവം എന്നെന്നത്തേക്കുമായി അവസാനിപ്പിക്കണമെന്നും കുടുംബജീവിതം പുനരാരംഭിക്കണമെന്നും അഛന്‍ തീരുമാനിച്ചു. മകളുടെ ആദ്ധ്യാത്മിക പ്രകടനങ്ങള്‍ മൂലം ആ കുടുംബത്തിനേറെ സഹിക്കേണ്ടി വന്നുവെന്നതാണ് മറ്റൊരു കാര്യം. ആരാധകരുടെ പോക്കുവരവ് ഇടമണ്ണേല്‍ കുടുംബത്തിന്റെ സൈ്വരജീവിതത്തെ അലോസരപ്പെടുത്തി. മത്സരബുദ്ധിയുള്ള കച്ചവടക്കണ്ണുള്ള നിരവധി പൂജാരിമാര്‍ അത് തങ്ങള്‍ക്കേറെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് പരാതിപ്പെട്ടു. അവരുടെ ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങളുടെ വരവ് കുറഞ്ഞതു കൊണ്ട് ഭണ്ഡാരത്തില്‍ വരവ് കുറഞ്ഞു. തന്റെ അവിവാഹിതയായ മകള്‍ എല്ലാതരം ആളുകളോടും തുറന്നിടപഴകുന്നു എന്ന ആക്ഷേപവും അഛന്‍ കേള്‍ക്കാന്‍ തുടങ്ങി. ആത്മീയ ഔന്നത്യങ്ങള്‍ ഉപേക്ഷിക്കാന്‍ അമ്മയോട് അയാള്‍ ഒരിക്കല്‍കൂടി കെഞ്ചി.
‘നമുക്കൊരു സാധാരണ കുടുംബമായാല്‍ മതി.’ അയാള്‍ അപേക്ഷിച്ചു. ‘നീയാരാണെന്ന് ഞങ്ങള്‍ക്കറിയില്ല. ഒരുപക്ഷെ, നീ ദിവ്യാത്മാവായിരിക്കാം. പക്ഷെ, നമ്മള്‍ സാധാരണക്കാരാണ്. ജഗന്‍മാതാവ് സ്വര്‍ഗത്തില്‍ ഇരിക്കട്ടെ. നീയൊരു സാധാരണ പെണ്‍കുട്ടിയെപ്പോലെ പെരുമാറ്.’
ഈ സമീപനം കൊണ്ടും കാര്യം നടക്കാതായപ്പോള്‍ മറ്റൊരു മാര്‍ഗം പരീക്ഷിക്കാനയാള്‍ തീരുമാനിച്ചു. ഒരു ദിവസം ദേവീഭാവ സമയത്ത് ക്ഷേത്രത്തിനകത്ത് കയറി അയാള്‍ ഇങ്ങനെ പറഞ്ഞു. ‘കടന്നു പോ, നിന്നെയിനി ഇവിടെ കണ്ടുപോകരുത്. ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളെ തിരികെ വേണം. അവളെ വിവാഹം ചെയ്തയക്കണം. അവളൊരു സാധാരണ ജീവിതം നയിക്കണം.’
‘ഇവള്‍ നിങ്ങളുടെ മകളാണോ?’ ജഗന്മാതാവ് ചോദിച്ചു.
‘തീര്‍ച്ചയായും അവളെന്റെ മകള്‍ തന്നെ.’ അഛന്‍ രോഷത്തോടെ പറഞ്ഞു. ‘എനിക്കവളെ തിരികെ വേണം.’
‘ഞാന്‍ നിങ്ങളുടെ മകളെ തിരികെ തരാം.’ ദേവി സമ്മതിച്ചു. ‘പക്ഷെ തിരികെ കിട്ടുമ്പോള്‍ അവളൊരു ശവം മാത്രമായിരിക്കും. താമസിയാതെ അത് ചീഞ്ഞഴുകാന്‍ തുടങ്ങും. നിങ്ങള്‍ക്കവളെ വിവാഹം ചെയ്ത് കൊടുക്കാനാവില്ല. പകരം നിങ്ങള്‍ക്കവളെ സംസ്‌കരിക്കേണ്ടി വരും.’ ദേവിയുടെ വാക്കുകള്‍ കൂസാതെ അഛന്‍ ആവര്‍ത്തിച്ചു. ‘കടന്നു പോ. എനിക്കെന്റെ മകളെ തിരികെ താ.’
ദേവി പ്രതിവചിച്ചു. ‘ഇതാ കിടക്കുന്നു നിന്റെ മകള്‍. എടുത്തുകൊണ്ട് പൊയ്‌ക്കോ.’
ആ നിമിഷം അമ്മയുടെ ശരീരം നിലം പതിച്ചു. ചലനമറ്റ് കണ്ണുകള്‍ മലര്‍ക്കെ തുറന്ന് സുധാമണി കിടന്നു. അവര്‍ക്ക് ശ്വാസോച്ഛാസം ഇല്ലായിരുന്നു. താമസിയാതെ അവരുടെ ശരീരം വിറങ്ങലിച്ചു.
ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ ആ ശരീരം പരിശോധിച്ചു. ഹൃദയമിടിപ്പില്ലായിരുന്നു. അവിടെ കൂടിയിരുന്ന ജനങ്ങള്‍ അമ്മ മരിച്ചുവെന്നു തന്നെ തീര്‍ച്ചപ്പെടുത്തി.
മകളുടെ അവസ്ഥ കണ്ട് ഹൃദയം തകര്‍ന്ന അഛന്‍ ബോധരഹിതനായി നിലംപതിച്ചു. ഭക്തജനങ്ങള്‍ ആര്‍ത്തലച്ചു കരഞ്ഞു. അന്തരീക്ഷം ദുഃഖാര്‍ത്തമൂകമായി. കുറച്ചു നിമിഷങ്ങള്‍ക്ക് മുമ്പ് ദേവീഭാവദര്‍ശനം നടത്തിയ അമ്മ പെട്ടെന്നു മരിച്ചു വീണുവെന്നത് അവിശ്വസനീയമായിരുന്നു.
വിധിക്കുമേലെ ആശയര്‍പ്പിച്ച് ഭക്തജനങ്ങള്‍ ആ ശരീരത്തില്‍ നേരിയതെങ്കിലുമായ ഹൃദയ സ്പന്ദനത്തിന് വേണ്ടി തിരഞ്ഞു. അവര്‍ക്കൊന്നും കണ്ടെത്താനായില്ല. അതു വീണ്ടും ഉണരുമെന്ന ആശ കൊഴിഞ്ഞു. ജനങ്ങള്‍ അതീവ ജാഗ്രതയോടെ അമ്മയുടെ ഭൗതിക ദേഹത്തിനടുത്ത് ഇരിപ്പുറപ്പിച്ചു.
മണിക്കൂറുകള്‍ കഴിഞ്ഞ് ബോധം വീണ്ടു കിട്ടിയ അഛന് കാണാന്‍ കഴിഞ്ഞത് ജാഗരൂഗരായി തന്റെ മകളുടെ ശരീരത്തിന് ചുറ്റും നില്‍ക്കുന്ന ഭക്തജനങ്ങളെയാണ്. അയാള്‍ ഉറക്കെ നിലവിളിച്ചു.
‘എന്റെ ദേവീ. എന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണേ, പൊറുക്കണേ. എന്റെ മോള്‍ക്ക് ജീവന്‍ കൊടുക്കണേ, എനിക്ക് മാപ്പ് തരണേ.’
ഇങ്ങനെ നിലവിളിച്ച് കൊണ്ട് അയാള്‍ നിലത്തേക്ക് വീണു. അയാളുടെ കണ്ണുനീര് കൊണ്ട് ക്ഷേത്രത്തിന്റെ നിലം കുതിര്‍ന്നു.
അമ്മയുടെ ഭൗതിക ശരീരം നിശ്ചേതനമായിത്തന്നെ കിടന്നു.
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഒരു ഭക്തന് ആ ശരീരത്തില്‍ ചെറിയൊരു അനക്കം കാണാന്‍ കഴിഞ്ഞു. ക്ഷേത്രത്തിനകത്തെ ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായവരുടെ അത്ഭുതത്തോടൊപ്പം അമ്മ ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരുന്നു.
അമ്മ പുനരുജ്ജീവിപ്പിക്കപ്പെട്ടത് കൃഷ്ണ ഭാവത്തിലായിരുന്നു. അവര്‍ അഛനോട് ഇങ്ങനെ പറഞ്ഞു. ‘ജഗന്‍മാതാവില്ലാതെ കൃഷ്ണനില്ല.’ അച്ചന്‍ ജീവിതകാലം മുഴുവന്‍ തികഞ്ഞ കൃഷ്ണഭക്തനായിരുന്നു.” (അമ്മ: ജൂഡിത് കോര്‍ണെല്‍. മാതൃഭൂമി പ്രസാധനം. രണ്ടാം പതിപ്പ്)
ദേവീഭാവത്തോടെ മരണപ്പെട്ട അമൃതാനന്ദമയി കൃഷ്ണഭാവത്തോടെ പുനരുജ്ജീവിപ്പിക്കപ്പെട്ടു എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. പുനര്‍ജ്ജനിക്കപ്പെട്ട അമൃതാനന്ദമയില്‍ ദൈവികാംശമായ കൃഷ്ണഭാവമുണ്ട് എന്നാണല്ലോ ഇത് സ്ഥാപിക്കുന്നത്. ആയിരക്കണക്കിന് മനുഷ്യരെയും കന്നുകാലികളെയും കൃഷിയിടങ്ങളെയും ഭവനങ്ങളെയും നക്കിത്തുടച്ച് നാമാവശേഷമാക്കിയ സുനാമി ആഞ്ഞടിച്ചപ്പോള്‍ അവിടെ വീടുകള്‍ പുനഃസ്ഥാപിക്കാനും സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയിലാക്കാനും ഒരു സമാന്തര സര്‍ക്കാര്‍ പോലെ അമൃതാനന്ദമയീ മഠം പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിലെ വിവിധ മത-സാസ്‌കാരിക-സന്നദ്ധ-രാഷ്ട്രീയ സംഘടനകളെല്ലാം തന്നെ ദുരിതാശ്വാസ ഫണ്ട് പിരിക്കുകയും അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്തപ്പോള്‍ അമൃതാനന്ദമയീ മഠം കാര്യങ്ങള്‍ നേരിട്ട് ചെയ്യുകയായിരുന്നു. അതാണ് ‘സമാന്തര സര്‍ക്കാര്‍ പോലെ’ എന്ന് പ്രയോഗിക്കാന്‍ കാരണം. ആയിരക്കണക്കിന് കോടികള്‍ സമ്പാദ്യമുള്ളവര്‍ അതില്‍ നിന്നും പത്തോ നൂറോ കോടികള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് ചിലവഴിച്ചാല്‍ അതൊരു ത്യാഗമോ അത്ഭുത പ്രതിഭാസമോ ഒന്നുമല്ല. എന്നാല്‍, ദുരന്തങ്ങള്‍ മുന്‍കൂട്ടി കാണാന്‍ ദൈവത്തിനേ കഴിയൂ. അത്തരത്തില്‍ ദൈവികാംശമുണ്ട് എന്ന് ഭക്തന്‍മാര്‍ പെരുമ്പറയടിക്കുന്ന അമൃതാനന്ദമയിക്ക് എന്തുകൊണ്ട് തന്റെ ആശ്രമത്തിന്റെ സമീപ പ്രദേശത്ത് പോലും സുനാമി ആഞ്ഞടിച്ചപ്പോള്‍ അത് മുന്‍കൂട്ടി കാണാനോ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാനോ കഴിഞ്ഞില്ല? ഒരു സാധാരണ മനുഷ്യന്റെ പ്രസക്തമായ സംശയങ്ങളാണിത്. നിയമപരമായ നടപടികള്‍ കൊണ്ടോ പ്രീണനം കൊണ്ടോ പീഢനം കൊണ്ടോ അടക്കി നിര്‍ത്തേണ്ടതല്ലല്ലോ ഇത്തരം സംശയങ്ങളും ചോദ്യങ്ങളും. ദൈവികാംശമുള്ള ‘ലോകത്തിന്റെ അമ്മ’ക്ക് ചിലതെല്ലാം കഴിയണമല്ലോ.
ഈ പുസ്തകത്തിലുള്ള മറ്റൊരു കഥ കാണുക: ”ഒരു ശിശുവിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ താഴെപ്പറയുന്ന രീതിയിലാണ്. ആറു മാസമാകുമ്പോള്‍ ഇരിക്കാന്‍ തുടങ്ങും. ഒമ്പതുമാസമാകുമ്പോള്‍ നിലത്ത് നീന്താന്‍ തുടങ്ങും. ഒരു വയസ്സാകുമ്പോള്‍ നടക്കാന്‍ തുടങ്ങും. രണ്ട് വര്‍ഷമാകുമ്പോള്‍ ഭംഗിയായി സംസാരിക്കാന്‍ തുടങ്ങും. പക്ഷെ, ആറുമാസം കഴിഞ്ഞ് താമസിയാതെ സുധാമണി എഴുന്നേറ്റ് വരാന്തയിലൂടെ നടന്നുകൊണ്ട് ഒരു കുഞ്ഞിന്റെ സാധാരണ പതിവ് വളര്‍ച്ചാഘട്ടങ്ങളെ മറികടന്നത് കണ്ടപ്പോള്‍ കുടുംബാംഗങ്ങള്‍ ആശ്ചര്യം കൊണ്ടു. അധികം താമസിയാതെ തന്നെ സുധാമണി മലയാളം സംസാരിക്കാന്‍ തുടങ്ങിയെന്നതാണ് ഒരു പക്ഷെ ഇതിലുമേറെ അതിശയകരമായ കാര്യം.” (അതേ പുസ്തകം. പേജ്. 22)
സുധാമണിയെ ഗര്‍ഭം ധരിച്ചപ്പോള്‍ തന്നെ വ്യത്യസ്തതയുണ്ടായിരുന്നുവെന്നും ഈ പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ മലയാളം ഭംഗിയായി സംസാരിക്കാന്‍ തുടങ്ങി എന്നാണല്ലോ മുകളില്‍ എഴുതിയത്. എന്നാല്‍ ദൈവികാംശമുണ്ട് എന്ന് പറയപ്പെടുന്ന ഇതേ സുധാമണി പിന്നീട് ‘ലോകത്തിന്റെ അമ്മ’യായി വളര്‍ന്നിട്ടും ലോകരെ മുഴുവന്‍ ‘മക്കളേ’ എന്ന് വിളിക്കുമ്പോഴും മലയാളമല്ലാത്ത മറ്റൊരു ഭാഷയും സുധാമണിക്കറിയില്ല എന്നതാണ് രസകരം. കൊല്ലം പറയക്കടവിലെ മുക്കുവര്‍ മാത്രം സംസാരിക്കുന്ന ഒരു ഭാഷ അമൃതാനന്ദമയിക്കറിയാം എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. അതാകട്ടെ, പറയക്കടവില്‍ ജനിക്കുന്ന ഏതൊരു കുഞ്ഞിനും അറിയാവുന്ന ഭാഷയാണു താനും.
ഇതിനോട് കിടപിടിക്കുന്ന അത്ഭുതകഥകളും കെട്ടുകഥകളും തന്നെയാണ് കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിം സമുദായത്തിന്റെ ആത്മീയ നായകരെ കുറിച്ച് രചിക്കപ്പെട്ടിട്ടുള്ളതും പ്രചരിപ്പിക്കപ്പെടുന്നതും. അമൃതാനന്ദമയിയില്‍ ദേവീഭാവവും കൃഷ്ണഭാവവും ഉണ്ട് എന്നാണ് ഭക്തര്‍ അവകാശപ്പെടുന്നതെങ്കില്‍ ‘കാന്തപുരം ഉസ്താദിനോട് ചോദിക്കാതെ ഇനി അല്ലാഹു ഒന്നും ചെയ്യുകയില്ല’ എന്നാണ് അയാളുടെ അനുയായികള്‍ പ്രചരിപ്പിച്ചത്. അപ്പോള്‍ അല്ലാഹുവിനും മുകളിലായി കാന്തപുരം. അല്ലാഹു എന്നത് ഇയാളുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സ്ഥാനത്തേക്ക് താഴുകയും ചെയ്തു.
ആത്മീയ തട്ടിപ്പുകാര്‍ തമ്മിലുള്ള ആത്മബന്ധം.
വിവിധ മതങ്ങളിലുള്ള ആത്മീയ തട്ടിപ്പുകാര്‍ തമ്മില്‍ പരസ്യമായ ഐക്യവും അവരെ കോര്‍ത്തിണക്കുന്ന അദൃശ്യമായ ചില ചങ്ങലകളുമുണ്ട്. ചില ജാറങ്ങളും അതിന്റെ നടത്തിപ്പുകാരും മന്ത്രവാദ ചികിത്സകള്‍ നടത്തുന്ന മുസ്‌ല്യാക്കന്‍മാരും ചില ജോത്സ്യന്‍മാരും ബീവിമാരും ബാബമാരും ധ്യാനകേന്ദ്രങ്ങളും തമ്മില്‍ ചില കൊടുക്കല്‍വാങ്ങല്‍ സമ്പ്രദായങ്ങളൊക്കെയുണ്ട്. തന്റെ അരികില്‍ വരുന്ന ശാരീരികമോ മാനസികമോ ആയ പീഢനം നേരിട്ടു കൊണ്ടിരിക്കുന്ന ഒരു രോഗിയെ തനിക്ക് കഴിയും വിധം പിഴിഞ്ഞെടുത്ത് ചില ധ്യാനകേന്ദ്രങ്ങളിലേക്കും മഠങ്ങളിലേക്കും ജോത്സ്യന്‍മാരുടെ അടുത്തേക്കും റഫര്‍ ചെയ്യുന്ന ചികിത്സകരായ മുസ്‌ല്യാക്കന്‍മാരും തങ്ങന്‍മാരും നിരവധിയുണ്ട്. തിരിച്ചിങ്ങോട്ടുമുണ്ട് ആ സഹകരണം. ജാറങ്ങളിലേക്കും തങ്ങന്‍മാരുടെയും അടുത്തേക്ക് റഫര്‍ ചെയ്യുന്ന ജോത്സ്യന്‍മാരെയും ധ്യാനകേന്ദ്ര അധിപന്‍മാരെയും കാണാം. മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ഒരു ജോത്സ്യന്‍, മാനസിക പ്രശ്‌നം മൂലം തന്റെ അരികിലെത്തിയ മുസ്‌ലിം ദമ്പതിമാര്‍ക്ക് സ്വന്തം ലെറ്റര്‍ഹെഡില്‍ എഴുതിക്കൊടുത്ത ഒരു കുറിപ്പടി ഈയിടെ എന്റെ കൈയില്‍ കിട്ടി. യാസീനോതാനും കാളിയാര്‍ ജാറത്തിലേക്ക് നേര്‍ച്ച നേരാനും ഖുതുബിയ്യത്ത് കഴിക്കാനും ഏര്‍വാടിയിലേക്ക് ഒരു സിയാറത്ത് സംഘടിപ്പിക്കാനുമാണ് കുറിപ്പടിയിലുള്ള നിര്‍ദ്ദേശം. ഹിന്ദുവായ ജോത്സ്യനെന്ത് യാസീനും ഖുതുബിയ്യത്തും? പിന്നെങ്ങനെ ഇവരിതൊക്കെ മനസ്സിലാക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു? അതാണ് ഞാന്‍ നേരത്തെ പറഞ്ഞ ആത്മീയ തട്ടിപ്പുകാരെ കോര്‍ത്തിണക്കുന്ന അദൃശ്യമായ ചങ്ങല.
ഇതുപോലെ, കേരളത്തിലെ ക്രൈസ്തവരുടെ അറിയപ്പെട്ട തീര്‍ത്ഥാടനാകേന്ദ്രമായ അല്‍ഫോണ്‍സാമ്മയുടെ ക്വബ്‌റിടത്തെയും അല്‍ഫോണ്‍സാമ്മയുടെ കറാമത്തിനെയും പൊക്കിപ്പറയുകയും അവിടത്തെ അത്ഭുതങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ക്രൈസ്തവരുടെ വികാരത്തെ നമുക്ക് മനസ്സിലാക്കാം. എന്നാല്‍, ആ ജോലി മുസ്‌ലിം സംഘടനകള്‍ ഏറ്റെടുത്താലോ? അത്തരം ഒരു വാചകം കാണുക: ”സിസ്റ്റര്‍ അല്‍ഫോണ്‍സ: വ്രതബന്ധമായ സന്യാസത്തെ അതിന്റെ സംശുദ്ധിയിലും സമ്പൂര്‍ണ സമര്‍പ്പണത്തിലും യഥാര്‍ത്ഥവല്‍ക്കരിച്ച മാതൃകായോഗിനി.
16 വര്‍ഷക്കാലം കഠിനമായ രോഗം കൊണ്ട് പ്രയാസപ്പെടുമ്പോഴും പ്രസന്നവദനയായി സഹനത്തിന്റെ ബലിവേദിയില്‍ സ്‌നേഹബലിയായി അവര്‍ ദഹിച്ചു തീരുകയായിരുന്നു. സിസ്റ്റര്‍ അല്‍ഫോണ്‍സയുടെ വിശുദ്ധിയുടെ രഹസ്യം ഇതായിരുന്നു.
1910 ആഗസ്റ്റ് 19 ന് കോട്ടയത്തിനടുത്ത കുടമാണൂരില്‍ മുട്ടത്തുപാടത്ത് കുടുംബാംഗമായി ജനിച്ച അല്‍ഫോണ്‍സ ഏഴാം വയസ്സില്‍ ഭരണങ്ങാനത്തുള്ള ‘ക്ലാരിസ്റ്റ്’ കോണ്‍വെന്റില്‍ സന്യാസിനിയായി ചേര്‍ന്നു. 1930 ല്‍ സഭാ വസ്ത്രം സ്വീകരിച്ചു അധ്യാപികയായി ജോലി നോക്കി. 1946 ജൂലൈ 28 ന് അന്തരിച്ചു. ആ കുഴിമാടത്തില്‍ നിന്ന് വിശുദ്ധിയുടെ പ്രകാശം പൊട്ടി വിരിയാന്‍ തുടങ്ങി.
പരീക്ഷയില്‍ വിജയിക്കാന്‍ കുഞ്ഞുങ്ങള്‍ തുടങ്ങി വെച്ച അല്‍ഫോണ്‍സാ വണക്കം അവരുടെ മാതാപിതാക്കളിലേക്കും നാട്ടുകാരിലേക്കും പിന്നെ പുറംനാട്ടിലേക്കും വ്യാപിച്ചു.
ഭരണങ്ങാനത്തേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമായി. അല്‍ഫോണ്‍സാമ്മയുടെ പുണ്യകീര്‍ത്തി പ്രസരിച്ചതോടെ വിശുദ്ധ പദപ്രാപ്തിക്കുള്ള നാമകരണ നടപടികള്‍ ആരംഭിക്കാന്‍ സഭാധികൃതകര്‍ നിര്‍ബന്ധിതരായി.” (സിറാജ് ഗൈഡ്. 1997. പേജ് 224, 225)
ഇതെഴുതിയിരിക്കുന്നത് കേരളത്തിലെ ക്രൈസ്തവരല്ല. മറിച്ച്, ഇസ്‌ലാമിന്റെ നടുക്കഷ്ണമായി സ്വയം പരിചയപ്പെടുത്താറുള്ള കാന്തപുരം വിഭാഗമാണ് ഇതിന്റെ കര്‍ത്താക്കള്‍. ഇനി പറയൂ! ക്രൈസ്തവരുടെ ആരാധ്യയെ പൊക്കിപ്പറയേണ്ട കാര്യമെന്താണ് കാന്തപുരത്തിനും കൂട്ടര്‍ക്കും? ഈ പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവര്‍ മഹാഭൂരിഭാഗവും കാന്തപുരത്തിന്റെ അനുയായികളായിരിക്കുമല്ലോ? ഇത് വായിച്ച് അല്‍ഫോണ്‍സാമ്മയുടെ ‘വിശുദ്ധ ക്വബ്‌റിലേക്ക്’ ഒരു മുസ്‌ലിം പോയാല്‍ എന്താണ് അവന്റെ വിധി? ആ മുസ്‌ലിം അമൃതാനന്ദമയിയുടെ കാല്‍ക്കല്‍ കുമ്പിട്ടാല്‍ എന്താണ് അവന്റെ വിധി? ആ മുസ്‌ലിം സായ്ബാബയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയാല്‍ എന്താണ് അവന്റെ വിധി? ജാറപ്പൂജയിലുള്ള ജൂത-ക്രൈസ്തവ-ശിയാ-സമസ്ത ബന്ധമാണ് ഈ കാണിക്കുന്നതൊക്കെ. ജൂതക്രൈസ്തവരെ ചാണിന് ചാണായും മുഴത്തിന് മുഴമായും മുസ്‌ലിംകള്‍ പിന്തുടരുക തന്നെ ചെയ്യും എന്നത് നോസ്ട്രഡാമസിന്റെ ഉണ്ടയില്ലാ പ്രവചനമല്ല. അത് പ്രവചിച്ചത്, ജീവിതത്തിലൊരിക്കലും കള്ളം പറയാത്ത, ദൈവിക സന്ദേശം വഴി മാത്രം സംസാരിക്കുന്ന, ലോകത്തിന്റെ നേതാവ് മുഹമ്മദ് നബി(സ്വ)യാണ്. ആ പ്രവചനം പുലര്‍ന്നേ തീരൂ. ആത്മീയ തട്ടിപ്പിന്റെ ആചാര്യനായ കാന്തപുരമാണ് ആ പ്രവചനം പുലരാന്‍ ഒരു കാരണമാകുന്നതെങ്കില്‍ അത് വിധി. എന്നാല്‍, ആ ദുര്‍വിധിയില്‍ തലവെച്ചു കൊടുക്കേണ്ടവനല്ലല്ലോ മുസ്‌ലിം. ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശത്രു ആരാണെന്നും ഇസ്‌ലാമിന്റെ പ്രഖ്യാപിത ശത്രുക്കളായ ജൂതലോബി ഏതെല്ലാം രീതിയില്‍ മുസ്‌ലിം സമൂഹത്തെ നശിപ്പിക്കുമെന്നും അതിന് ഏതെല്ലാം ആചാര്യന്‍മാരെ കൂട്ടുപിടിക്കുമെന്നും ഇനിയും സമുദായം തിരിച്ചറിഞ്ഞില്ലെങ്കില്‍ കാന്തപുരത്തിന്റെ വിധി ഈ ഉത്തമ സമുദായത്തിന്റെ അധോഗതിയായി മാറും. മുന്നില്‍ നിന്നും അമ്പെയ്യുന്ന ശത്രുവിനേക്കാളും സമുദായം കരുതിയിരിക്കേണ്ടത് കൂടെ നിന്ന് കാലുവാരുന്ന മിത്രത്തെയാണ്. അത് ഇനിയും സമുദായം തിരിച്ചറിഞ്ഞില്ലെങ്കില്‍ മുസ്‌ലിം സമുദായത്തിലെ ‘വിശുദ്ധ നരക’ങ്ങളില്‍ തീ ആളിക്കത്തുകയും സമുദായ മക്കള്‍ ഈയാംപാറ്റകളെപ്പോലെ ആ തീയിലേക്ക് വീണ് കത്തിക്കരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും. കപട ആത്മീയചാര്യന്‍മാരുടെ നീരാളിക്കൈകളില്‍ നിന്നും അല്ലാഹു ഈ സമുദായത്തെ രക്ഷിക്കട്ടെ. ആമീന്‍.
വാല്‍ക്കഷ്ണം:
അമൃതാനന്ദമയി, കാന്തപുരം തുടങ്ങിയവരുടെ ആത്മീയ തട്ടിപ്പിനെതിരില്‍ ഈയിടെ കോഴിക്കോട് വെച്ച് മുസ്‌ലിം യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. അക്കൂട്ടത്തില്‍ ഹുസൈന്‍ മടവൂരിന്റെ യുവജനസംഘടനയുമുണ്ടായിരുന്നു. ഇവര്‍ തന്നെയാണ് രണ്ട് വര്‍ഷം മുമ്പ് തങ്ങളുടെ പത്രത്തിലൂടെ അമൃതാനന്ദമയിയെ വാനോളം പൊക്കിയതും. ആത്മീയ തട്ടിപ്പിനെതിരെയുള്ള പ്രതിഷേധം മതധര്‍മമാണെങ്കില്‍ ആള്‍ദൈവത്തെക്കുറിച്ചുള്ള പുകഴ്ത്തലുകള്‍ പത്രധര്‍മ്മമാണ്. മതധര്‍മ്മവും പത്രധര്‍മ്മവും രണ്ടും രണ്ട് വഴിക്കാണല്ലോ.

1 comment:

Anonymous said...

1xbet korean sports betting explained - Legalbet
1xbet korean sports betting explained · 1xbet korean 1xbet kz sports betting explained · 1xbet korean sports betting explained · 1xbet korean sports betting explained · 1xbet korean sports betting explained · 1xbet korean